police

കാസർകോട്: കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ 11 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഹെഡ് മാസ്റ്റർ അറസ്റ്റിൽ. ബാഡൂർ പദവ് സ്കൂളിലെ ഹെഡ്‌മാസ്റ്റർ എൻ കെ സുധീർ (54) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഗൃഹപ്രവേശന ചടങ്ങിനെത്തിയ പെൺകുട്ടിയെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ പ്രതിക്കെതിരെ പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു.

അതേസമയം, തിരുവനന്തപുരത്ത് 17കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 21കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെമ്മരുതി ജ്യോതികൃഷ്ണയിൽ സന്ദീപ് (കിരൺ)ആണ് അയിരൂർ പൊലീസിന്റെ പിടികൂടിയത്. ചെമ്മരുതി സ്വദേശിയായ പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്ന പ്രതി പെൺകുട്ടിയെ ചൂഷണം ചെയ്ത് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പെൺകുട്ടി സ്കൂളിൽ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ അദ്ധ്യാപകർ നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം പുറത്തു പറയുന്നത്. അദ്ധ്യാപകർ വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയും തുടർന്ന് പോക്സോ നിയമപ്രകാരം പൊലീസ് കേസെടുക്കുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.