pm-modi

പാട്ന: കോൺഗ്രസ്-ആർജെഡി സഖ്യത്തിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബീഹാർ നിയമസഭാ തിരരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാട്ടിഹാറിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചഠ് പൂജ ആഘോഷങ്ങളെ നാടകമെന്ന് വിളിച്ച് ഹിന്ദു വിശ്വാസത്തെ അപാനിച്ചുവെന്ന് ആരോപിച്ചാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്.

'ഹലോവീൻ ആഘോഷിക്കുന്ന ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനിടെയാണ് മാേദിയുടെ വിമർശനം. ആർജെഡിയിലെ രാജകുടുംബം എല്ലാ അന്താരാഷ്ട്ര ഉത്സവങ്ങളും ആഘോഷിക്കും. പക്ഷെ ഛഠ് വരുമ്പോൾ അതിനെ നാടകമെന്ന് വിളിക്കും'. പ്രധാനമന്ത്രി പരിഹസിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

'ആ‌ർജെഡി കോൺഗ്രസ് അംഗങ്ങൾ ചഠി മെയ്യയുടെ ആഘോഷങ്ങളെ പറ്റിപ്പും നാടകവുമെന്ന് വിളിക്കുന്നു. സൂര്യദേവന്റെ യാത്രയെക്കുറിച്ച് ഇവ‌ർക്ക് യാതൊരു ധാരണയുമില്ല. ഇതിനെയെല്ലാം കോൺഗ്രസ് അപമാനിക്കുകയാണ്. അതിന്റെ ദേഷ്യം ബീഹാർ ജനത ആ‌ർജെഡിയോട് തീർക്കുകയും ചെയ്യും'. മോദി പറഞ്ഞു.

ബീഹാറികളെ താഴ്ത്തിക്കെട്ടാനും ഭിന്നിപ്പുണ്ടാക്കാനും കോൺഗ്രസ് നേതൃത്വം അതിന്റെ സംസ്ഥാന ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ആരോപിച്ചു. 'കേരളത്തിലെ ഒരു കോൺഗ്രസ് നേതാവ് ബീഹാറിനെ ബീഡിയോട് വരെ ഉപമിച്ചു. ഇത് ബീഹാറികളെ ബുദ്ധിമുട്ടിക്കാനുള്ള കോൺഗ്രസിന്റെ തന്ത്രമാണ്,' അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ആർജെഡി സഖ്യം വോട്ടിന് വേണ്ടി ദേശീയ സുരക്ഷയിൽ പോലും വിട്ടുവീഴ്ച ചെയ്യുകയാണെന്നും മോദി ആരോപിച്ചു.

'ആർജെഡി-കോൺഗ്രസ് പോസ്റ്ററുകളിലേക്ക് നോക്കൂ. വർഷങ്ങളോളം ബീഹാർ മുഖ്യമന്ത്രിയായിരുന്ന ആളുടെ ചിത്രം ഒരുവശത്തേക്ക് ഒതുക്കപ്പെട്ടു.' ലാലുവിനെ ഉദ്ദേശിച്ച് അദ്ദഹം പറഞ്ഞു. തേജസ്വിയെ പരിഹസിച്ചുകൊണ്ട്,​ പ്രചാരണത്തിനിടയിൽ എന്തുകൊണ്ടാണ് നിങ്ങൾ നിങ്ങളുടെ പിതാവിന്റെ പേര് പറയാൻ ഭയപ്പെടുന്നത്?​ എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ഭരണത്തെക്കുറിച്ച് ഒളിച്ചു കളി തുടരുന്നതെന്നും മോദി ചോദിച്ചു. മഹാസഖ്യത്തിലെ സഖ്യകക്ഷികളുടെ പിണക്കത്തെക്കുറിച്ചും മോദി പരിഹസിച്ചു.

'നിങ്ങൾ നൽകിയ ഓരോ വോട്ടും മുമ്പൊരിക്കൽ ബീഹാറിനെ മാറ്റിമറിച്ചു. വീണ്ടും അങ്ങനെ ചെയ്യാൻ കഴിയും. നിങ്ങളുടെ ആ വോട്ട് ബീഹാറിനെ ജംഗിൾ രാജിൽ നിന്ന് മികച്ച ഭരണ മികവ് കൊണ്ട് വന്നിരുന്നുവെന്ന് ഓർക്കണം. ഇപ്പോൾ നിങ്ങൾ നൽകുന്ന ഓരോ വോട്ടും ബീഹാറിനെ വികസിപ്പിക്കുമെന്നും' പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.