
മുംബയ്: ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിമാനം വാനോളമുയര്‍ത്തിയാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ലോകകപ്പില്‍ മുത്തമിട്ടത്. കിരീടം നേടിക്കഴിഞ്ഞാല്‍ ടീം ക്യാപ്റ്റന്‍ കപ്പുമായി ഉറങ്ങുന്ന ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് ഒരു ട്രെന്‍ഡാണ്. അത്തരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും ലോകകപ്പുമായി ഉറങ്ങുന്ന ചിത്രം പങ്കുവച്ചിരുന്നു. നിമിഷനേരംകൊണ്ട് ചിത്രം വൈറലാകുകയും ചെയ്തു. ചിത്രത്തില്‍ ഹര്‍മന്‍പ്രീത് ധരിച്ചിരുന്ന ടീഷര്‍ട്ടിലെ എഴുത്താണ് ചര്‍ച്ചയാകുന്നത്.
ക്രിക്കറ്റ് ജെന്റില്‍മാന്‍മാരുടെ കളിയാണ് എന്ന് പറയാറുണ്ട്. എന്നാല്‍ ഈ ആശയത്തെ പൊളിച്ചെഴുതിയിരിക്കുന്ന എഴുത്താണ് താരത്തിന്റെ ടീഷര്‍ട്ടിലുള്ളത്. ക്രിക്കറ്റ് എല്ലാവരുടേയും കളിയാണ് എന്നാണ് താരത്തിന്റെ കുപ്പായത്തിലെ എഴുത്ത്. അതില്‍ ജെന്റില്‍മാന്‍സ് എന്ന് എഴുതിയ ഭാഗം വെട്ടിയതായാണ് ടീഷര്‍ട്ടിലെ ഡിസൈന്‍. വനിതാ ക്രിക്കറ്റിന് രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന പിന്തുണയാണ് ചിത്രത്തിന് ലഭിച്ച സ്വീകാര്യത വ്യക്തമാക്കുന്നത്.

വനിതകള്‍ ക്രിക്കറ്റ് കളിക്കുകയോ എന്ന അവജ്ഞയോടുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടികൂടിയാണ് ഇന്ത്യയുടെ ലോകകിരീട വിജയം. കാലങ്ങളായി നേരിട്ട പ്രതിസന്ധികള്, നേരിട്ട അവജ്ഞ, പരിമിതമായ സാഹചര്യത്തില്‍ നിന്ന് ലോകത്തിന്റെ നെറുകയിലേക്കുള്ള യാത്ര അങ്ങനെ ഒരുപാട് വിശേഷണങ്ങള്‍ക്ക് കൂടി അര്‍ഹമാണ് ഇന്ത്യയുടെ കിരീട നേട്ടം. വനിതാ ക്രിക്കറ്റ് പിന്തുടരുന്നവര്‍ പോലും ഇന്ത്യക്ക് സാദ്ധ്യത കല്‍പ്പിക്കാതിരുന്നിടത്ത് നിന്നാണ് ശക്തരായ ഓസ്‌ട്രേലിയയെ സെമിയില്‍ വീഴ്ത്തി ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്.
ഫൈനലില്‍ എതിരാളികളായി വന്നത് ഈ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച ദക്ഷിണാഫ്രിക്കയും. നവി മുംബയിലെ ഡി. വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 52 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ അതിശക്തമായ വെല്ലുവിളിയെ മറികടന്നാണ് ഇന്ത്യയുടെ വിജയം.