crime

ലക്‌നൗ: ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ നിന്ന് കാണാതായ 15 വയസുകാരിയെ മരിച്ചനിലയിൽ കണ്ടെത്തി. വീടിനടുത്തുള്ള പൂന്തോട്ടത്തിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം മുൻപാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. ഇന്നലെയാണ് കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയത്. മൂന്ന് പേർ ചേർന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയതാന്നെന്ന് സഹോദരൻ പരാതിപ്പെട്ടിരുന്നു.

ക്രൂരമായി ഉപദ്രവിക്കപ്പെട്ടതിന്റെ മുറിവുകളും ചതവുകളും പെൺകുട്ടിയുടെ ശരീരത്തിൽ കണ്ടെത്തി. കുട്ടിയുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കൈകാലുകൾ ഒടിഞ്ഞുമടങ്ങിയ നിലയിലായിരുന്നു. മൂക്കിൽ മണലും പശയും തിരുകിയിരുന്നു. കുട്ടിയെ ബലാത്സംഗം ചെയ്‌തതിനു ശേഷം കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു.

കുറ്റക്കാരായ മൂന്ന് പേർക്കെതിരെ കേസ് രജിസ്‌‌റ്റർ ചെയ്‌തെന്നും അതിൽ ഒരാളെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നും സർക്കിൾ ഇൻസ്‌പെക്‌ടർ ഹർഷിതാ തിവാരി അറിയിച്ചു. കൂടുതൽ പരിശോധനകൾക്കായി മൃതദേഹം പോസ്‌റ്റ്മോർട്ടത്തിനായി മാറ്റിയതായും കേസിൽ ശക്തമായ അന്വേഷണം നടക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

സം‌സ്ഥാനത്ത് സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിന്റെ പേരിൽ ഭരണകക്ഷിയായ ബിജെപിക്കെതിരെ പ്രതിപക്ഷം നിരന്തരം വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. നാഷണൽ ക്രൈം റക്കോർഡ് ബ്യൂറോയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 58.6 ശതമാനമാണ് സംസ്ഥാനത്തെ കുറ്റകൃത്യ നിരക്ക്. രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്‌ത്രീകൾക്കതിരായ കുറ്റകൃത്യങ്ങളിൽ ഏകദേശം 14.81 (4,48,211) ശതമാനവും ഉത്തർപ്രദേശിലാണ്.