mammotty

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്കാണ് ഇത്തവണ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം. അദ്ദേഹത്തിന്റെ എട്ടാമത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കരമാണിതെന്നതും പ്രത്യേകം എടുത്ത് പറയേണ്ടതാണ്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഭ്രമയുഗം' എന്ന ചിത്രത്തിലെ കഥാപാത്രങ്ങളായ കൊടുമൺ പോറ്റിയെയും ചാത്തനെയും ഒരുമിച്ച് അഭിനയിച്ച് പ്രേക്ഷകരെ വിസ്മയിപ്പിച്ചതാണ് മമ്മൂട്ടിയെ അവാർഡിന് അർഹനാക്കിയത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.


'കൊടുമൺ പോറ്റി, ചാത്തൻ എന്നീ രണ്ടു കഥാപാത്രങ്ങളെ ഏകശരീരത്തിലേക്ക് ആവാഹിച്ചുകൊണ്ട് അധികാരത്തിനകത്തെ പൈശാചികതയെ അതിശക്തമായും സൂക്ഷ്മമായും ആവിഷ്കരിച്ച ഭാവാഭിനയ മികവിനാണ് പുരസ്കാരം. താരപദവിയും പ്രതിച്ഛായയും മറന്ന്, ഉടലിനെ അഭിനയപരീക്ഷണത്തിന്റെ ഉപാധിയാക്കാനായി എടുത്തണിഞ്ഞ പ്രതിനായകവേഷത്തിന്റെ പകർന്നാട്ട പൂർണതയാണ് മമ്മൂട്ടിയുടേതെന്നാണ്' ജൂറിയുടെ പരാമ‌ർശം.

2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് മമ്മൂട്ടിയായിരുന്നു. 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അന്ന് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്.