pic

വാഷിംഗ്ടൺ: യു.എസ് ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പ് ഇന്ന്. ഇന്ത്യൻ സമയം നാളെ രാവിലെ മുതൽ ഫലസൂചനകൾ അറിയാം. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കണ്ണിലെ കരടായി മാറിയ ഇന്ത്യൻ വേരുകളുള്ള ഡെമോക്രാറ്റിക് പാർട്ടി നേതാവ് സൊഹ്‌റാൻ മംദാനിയാണ് (34) അഭിപ്രായ സർവേകളിൽ മുന്നിൽ. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയായ കർട്ടിസ് സ്ലീവയ്ക്ക് കാര്യമായ ഓളമുണ്ടാക്കാൻ കഴിഞ്ഞേക്കില്ലെന്നാണ് സംസാരം.

പാർട്ടിയുമായി ഇടഞ്ഞ ഡെമോക്രാറ്റിക് നേതാവും ന്യൂയോർക്ക് മുൻ ഗവർണറുമായ മാരിയോ ക്വോമോ സ്വതന്ത്രനായും മത്സരിക്കുന്നുണ്ട്. സലാം ബോംബെ, മൺസൂൺ വെഡ്ഡിംഗ് തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ഇന്ത്യൻ-അമേരിക്കൻ സംവിധായിക മീര നായരുടെ മകനാണ് മംദാനി. മംദാനിയുടെ പിതാവ് മഹ്‌മൂദ് മംദാനി ഇന്ത്യൻ വേരുകളുള്ള ഉഗാണ്ടൻ അക്കാഡമിക് വിദഗ്ദ്ധനും രാഷ്ട്രീയ നിരീക്ഷകനുമാണ്.

പാലസ്തീൻ അനുകൂലിയായ മംദാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും കടുത്ത വിമർശകനാണ്. തിരഞ്ഞെടുക്കപ്പെട്ടാൽ ന്യൂയോർക്ക് സിറ്റിയിലെ ആദ്യ മുസ്ലിം മേയറാകും മംദാനി. മംദാനിയെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ" എന്നാണ് ട്രംപ് വിശേഷിപ്പിക്കുന്നത്. മംദാനി ന്യൂയോർക്ക് സിറ്റിയെ തകർക്കുമെന്നും അയാൾ ജയിച്ചാൽ സിറ്റിയ്ക്കുള്ള ഫെഡറൽ ധനസഹായം വെട്ടിക്കുറയ്ക്കുകയോ തടയുകയോ ചെയ്യുമെന്നും ട്രംപ് ഭീഷണി മുഴക്കുന്നു.


# ട്രംപിന് തിരിച്ചടിയാകും


1. സോഷ്യലിസ്റ്റ് നേതാവായ മംദാനി ന്യൂയോർക്ക് സിറ്റിയിലെ ജീവിതച്ചെലവ് കുറച്ച് സാധാരണക്കാരുടെ നിലവാരം മെച്ചപ്പെടുത്തുമെന്ന് പറയുന്നു. സർക്കാരിന്റെ സിറ്റി ബസുകളിൽ സൗജന്യ യാത്ര,​ ശിശു ക്ഷേമ പദ്ധതി,​ ഭവന പ്രതിസന്ധി പരിഹരിക്കും,​ കോർപ്പറേറ്റ് നികുതി നിരക്ക് ഉയർത്തും തുടങ്ങി വാഗ്ദ്ധാനങ്ങൾ

2. മംദാനി ജയിച്ചാൽ ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്ക് കനത്ത തിരിച്ചടിയാകും. മംദാനി അനധികൃത കുടിയേറ്റക്കാരനാണെന്ന് ആരോപിച്ച ട്രംപ്, അറസ്റ്റ് ചെയ്യാൻ മടക്കില്ലെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന ട്രംപിന്റെ നയങ്ങളെ മംദാനി കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ട്രംപ് ഫണ്ടുകൾ തടഞ്ഞാൽ നിയമപരമായി നേരിടുമെന്ന് മംദാനി. ഓരോ ഘട്ടത്തിലും ട്രംപിനോട് പോരാടുമെന്നും പ്രഖ്യാപനം