bank

ബാങ്ക് അക്കൗണ്ടുകള്‍ ഇല്ലാത്തവരായി അപൂര്‍വം ആളുകള്‍ മാത്രമേ ഇന്ന് നമ്മുടെ രാജ്യത്ത് ഉള്ളൂ. ബാങ്കിംഗ് ഇടപാടുകള്‍ അത്രകണ്ട് ജനകീയമാക്കപ്പെട്ടുകഴിഞ്ഞു. ബാങ്കുകളില്‍ അക്കൗണ്ട് തുറക്കുമ്പോള്‍ ചെക്ക് ബുക്ക്, ബാങ്ക് പാസ് ബുക്ക് പോലുള്ള സാധനങ്ങളും ലഭിക്കും. ഇതിനോടൊപ്പം തന്നെ ലഭിക്കുന്ന മറ്റൊരു സാധനമാണ് എടിഎം കാര്‍ഡ് എന്ന് അറിയപ്പെടുന്ന ഡെബിറ്റ് കാര്‍ഡുകള്‍. എന്നാല്‍ ഇന്ന് ഉപഭോക്താക്കള്‍ ഡെബിറ്റ് കാര്‍ഡുകള്‍ വ്യാപകമായി ഉപേക്ഷിക്കുകയാണ്.

ഒരുകാലത്ത് എടിഎം കൗണ്ടറുകള്‍ക്ക് മുന്നില്‍ പണം പിന്‍വലിക്കാന്‍ വലിയ തിരക്ക് പോലും അനുഭവപ്പെട്ടിരുന്നു. ഇതിന്് പുറമേ ഷോപ്പിംഗുകള്‍ക്കും ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നു. ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ്, ഓണ്‍ലൈന്‍ ഷോപ്പിംഗ്, സിനിമാ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാനാകുമെങ്കിലും യുപിഐ പേമെന്റുകള്‍ വ്യാപകമായതോടെ ആളുകള്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപേക്ഷിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്.

ഇന്ത്യയില്‍ 100 കോടിയില്‍ അധികം ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗത്തിലുണ്ട്. എന്നാല്‍ ഇത് ഉപയോഗിച്ചുള്ള പണമിടപാട് ഗണ്യമായി കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഡെബിറ്റ് കാര്‍ഡുകളേക്കാള്‍ കൂടുതല്‍ ആളുകള്‍ ക്രെഡിറ്റ് കാര്‍ഡുകളാണ് തിരഞ്ഞെടുക്കുന്നത്. യുപിഐ പേമെന്റുകള്‍ വളരെ സജീവമായതിനാല്‍ ഡെബിറ്റ് കാര്‍ഡുകള്‍ അപ്രസക്തമാകുകയാണെന്നാണ് ആളുകളുടെ ഉപയോഗം കുറഞ്ഞതില്‍ നിന്ന് മനസ്സിലാക്കേണ്ടത്.

ഡെബിറ്റ് കാര്‍ഡ് ഇടപാടുകളില്‍ കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷം എട്ട് ശതമാനത്തിന്റെ കുറവാണുണ്ടായത്. പേമെന്റ് ആന്‍ഡ് ട്രാന്‍സാക്ഷണല്‍ സര്‍വീസസ് കമ്പനിയായ വേള്‍ഡ് ലൈന്‍ ഇന്ത്യയാണ് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തിറക്കിയത്.