anil

3,080 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

കൊച്ചി: അനിൽ അംബാനിയുടെ മുംബയിലെ വീടും ന്യൂഡൽഹിയിലെ ഓഫീസും അടക്കം 42 ആസ്തികൾ എൻഫോർസ്‌മെന്റ് ഡയറക്‌ടറേറ്റ്(ഇ.ഡി) ഇന്നലെ കണ്ടുകെട്ടി. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഗ്രൂപ്പിന്റെ കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് മുംബയിലെ ബംഗ്ളാവായ പാലി ഹിൽ റെസിഡൻസ്, ഡെൽഹിയിലെ റിലയൻസ് സെന്റർ എന്നിവ ഉൾപ്പെടെയുള്ള 3,080 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി പിടിച്ചെടുത്തത്. നോയിഡ, ഗാസിയാബാദ്, മുംബയ്, പൂനെ, താനെ, ഹൈദരാബാദ്, ചെന്നൈ, ഈസ്‌റ്റ് ഗോദാവരി എന്നിവിടങ്ങളിലെ വീടുകളും ഓഫീസുകളും ഭൂമിയും ഏറ്റെടുത്തു.

റിലയൻസ് ഹോം ഫിനാൻസ്(ആർ.എച്ച്.എഫ്.എൽ), റിലയൻസ് കമേഴ്‌സ്യൽ ഫിനാൻസ്(ആർ.സി.എഫ്.എൽ) എന്നിവയിലെ പണം നിയമവിരുദ്ധമായി വകമാറ്റി ചെലവഴിച്ചെന്ന് ഇ.ഡി അന്വേഷണത്തിൽ കണ്ടെത്തി. 2017-19 കാലയളവിൽ പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്ക് 2,965 കോടി രൂപ ആർ.എച്ച്.എഫ്.എല്ലിലും 2,045 കോടി രൂപ ആർ.സി.എഫ്.എല്ലിലും നിക്ഷേപിച്ചിരുന്നു. ഈ കമ്പനികൾ തുക വകമാറ്റിയതോടെ നിക്ഷേപം കിട്ടാക്കടമായതിനെ തുടർന്നാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്.