
തിരുവനന്തപുരം: വൈദേകം റിസോർട്ട് വിവാദത്തിൽ പാർട്ടി നേതൃത്വത്തോടുള്ള അമർഷം പ്രകടമാക്കി ഇ.പി ജയരാജൻ. വിഷയം പി ജയരാജൻ സംസ്ഥാന സമിതിയിൽ ഉന്നയിച്ചുവെന്ന് ഇപി ജയാരാജൻ തന്റെ ആത്മകഥയിൽ പറയുന്നു. ഇപി ജയരാജനും കുടുംബത്തിനുമെതിരെ സാമ്പത്തിക ആരോപണങ്ങൾ അടക്കം വലിയ വിവാദങ്ങളാണ് വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത്. അത് പാർട്ടി കമ്മിറ്റിയിൽ തന്നെ പി ജയരാജൻ സംസ്ഥാന സമിതിയിൽ ഉന്നയിച്ചുവെന്ന വിവാദങ്ങൾ ഉണ്ടായി. എന്നാൽ അന്ന് പാർട്ടി നേതൃത്വം അതിനെ തള്ളിക്കളയുകയായിരുന്നു. അത്തരമൊരു കാര്യത്തെപ്പറ്റി സ്ഥിരീകരണമൊന്നും ഉണ്ടായില്ല.
എന്നാൽ ഇന്ന് പുറത്തിറങ്ങിയ 'ഇതാണെന്റെ ജീവിതം' എന്ന ഇപി ജയരാജന്റെ ആത്മകഥയിൽ ഈയൊരു കാര്യം പി ജയരാജൻ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചിരുന്നുവെന്നും താൻ അന്നത്തെ യോഗത്തിൽ പങ്കെടുത്തിരുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം വിശദീകരിക്കുന്നത്. 'സത്യാവസ്ഥ അടുത്ത സംസ്ഥാന കമ്മിറ്റിയോഗത്തിലാണ് വ്യക്തമാക്കപ്പെടുന്നത്. ഒരു സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനത്തെ പോലെ സഹായിക്കാൻ പാടുണ്ടോയെന്നുമാണ് സംസ്ഥാന കമ്മിറ്റിയോഗത്തിൽ പി ജയരാജൻ വ്യക്തമാക്കിയത്.
എന്നാൽ വിവാദം ഉയർന്ന സമയം ബന്ധപ്പെട്ടവർ വ്യക്തത വരുത്തിയിരുന്നെങ്കിൽ എനിക്കെതിരെയുള്ള വ്യക്തിപരമായ അതിക്ഷേപങ്ങൾ നിലയ്ക്കുമായിരുന്നു. ആദ്യ യോഗത്തിൽ പി ജയരാജൻ ഉന്നയിച്ച വിഷയം വളച്ചൊടിച്ച് പ്രചരിപ്പിക്കുകയായിരുന്നു ചിലർ'. ഇത്തരത്തിലൊരു കാര്യം സൂചിപ്പിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ പാർട്ടി നേതൃത്വത്തോടുള്ള അമർഷം രേഖപ്പെടുത്തിയത്. തന്റെ ഭാര്യയും മകനും ഇതിൽ ഓഹരി പങ്കാളികളായതിന്റെ വിശദമായ കാര്യങ്ങളെല്ലാം പറഞ്ഞു കൊണ്ടാണ് ആത്മകഥയിലെ ഈയൊരു ഭാഗം ഇപി ജയരാജൻ വിശദീകരിക്കുന്നത്.