sports

സൂപ്പര്‍താരങ്ങളായ വിരാട് കൊഹ്ലിയും രോഹിത് ശര്‍മ്മയും തങ്ങളുടെ കരിയറിന്റെ അവസാന ലാപ്പിലാണ്. മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യന്‍ ബാറ്റിംഗിന്റെ നട്ടെല്ലായിരുന്ന ഇരുവരും ഇപ്പോള്‍ ആകെ കളിക്കുന്നത് ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ്. പ്രതിഭകള്‍ക്ക് യാതൊരു പഞ്ഞവുമില്ലാത്ത ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇവരുടെ അസാന്നിദ്ധ്യം പ്രശ്‌നമല്ലെന്ന് രോ-കോ സഖ്യം ഇല്ലാതെയുള്ള ടെസ്റ്റ്, ട്വന്റി 20 ഫോര്‍മാറ്റുകളിലെ ഇന്ത്യയുടെ പ്രകടനം ഏറ്റവും വലിയ തെളിവ്.

പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കീഴില്‍ പുതുതലമുറയുടെ കൈകളിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റിന്റെ പതാക കൈമാറുന്ന പ്രക്രിയ ഘട്ടം ഘട്ടമായി നടപ്പിലാക്കിവരുകയാണ്. എന്നാല്‍ പരിശീലകനെന്ന നിലയില്‍ ഗംഭീര്‍ എടുക്കുന്ന പല തീരുമാനങ്ങളും സാമാന്യ യുക്തിയെ ചോദ്യം ചെയ്യുന്നവയാണ്. അതില്‍ ഏറ്റവും വലിയ വിമര്‍ശനമായി ഉയരുന്നത്. മികച്ച പല കളിക്കാരെയും ഗംഭീര്‍ തന്റെ ഇഷ്ടക്കാര്‍ക്ക് വേണ്ടി തഴയുകയാണെന്നതാണ്.

്ശുബ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനാക്കി മാറ്റിയെടുക്കുകയെന്നതാണ് ഇപ്പോള്‍ നടക്കുന്ന പ്രധാന സംഭവം. ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിത്തിന്റെ പിന്‍ഗാമിയായി ടീമിനെ നയിക്കുന്ന ഗില്‍ തന്റെ നായകപദവിയോട് ബാറ്ററെന്ന നിലയിലെ പ്രകടനം കൊണ്ട് ഉള്‍പ്പെടെ നീതി പുലര്‍ത്തുന്നതാണ് ആദ്യ രണ്ട് പരമ്പരകളില്‍ കണ്ടത്. പക്ഷേ ഏകദിന ക്രിക്കറ്റില്‍ നായകനായുള്ള ആദ്യ പരമ്പര തന്നെ തോറ്റു. വെറുമൊരു പരമ്പരകൊണ്ട് ഗില്ലിനെ എഴുതിതള്ളാനായിട്ടില്ല. പരമ്പരയില്‍ ബാറ്റിംഗിലും താരത്തിന് തിളങ്ങാനായില്ല. മാത്രമല്ല ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനം നഷ്ടമാകുകയും ചെയ്തു.

ഗില്‍ നിലവിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ഓള്‍ ഫോര്‍മാറ്റ് പ്ലെയര്‍ അല്ലെന്ന് നിസംശയം പറയാം. പ്രത്യേകിച്ച് ഇന്ത്യന്‍ ടീം കളിക്കുന്ന ട്വന്റി 20 ബ്രാന്‍ഡ് ഓഫ് ക്രിക്കറ്റ് ഗില്ലിന്റെ ബാറ്റിംഗ് ഡിഎന്‍എയില്‍ ഇല്ല. പവര്‍പ്ലേയില്‍ വേഗത്തില്‍ റണ്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന ഗില്‍ മറ്റ് താരങ്ങള്‍ക്ക് സമ്മര്‍ദ്ദം സൃഷ്ടിക്കുകയുമാണ്. ഗില്ലിനെ ട്വന്റി 20 ടീമില്‍ തിരുകി കയറ്റുമ്പോള്‍ അവിടെ നഷ്ടമാകുന്നത് നിരവധി മികച്ച താരങ്ങളുടെ സേവനമാണ്. അക്കൂട്ടത്തില്‍ മലയാളി താരം സഞ്ജു സാംസണും ഉള്‍പ്പെടുന്നുണ്ട്.

അഭിഷേക് ശര്‍മ്മ - സഞ്ജു സാംസണ്‍ ഓപ്പണിംഗ് ജോഡി ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷം ആദ്യവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ദക്ഷിണാഫ്രിക്കയില്‍ പോയി ഓപ്പണറുടെ റോളില്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയ സഞ്ജുവിനെ ഗില്‍ ടീമിലെത്തിയപ്പോള്‍ ഓപ്പണിംഗ് സ്ലോട്ടില്‍ നിന്ന് മാറ്റി. തകര്‍പ്പന്‍ ഫോമില്‍ കളിച്ചിരുന്ന താരം പൊസിഷന്‍ മാറിയപ്പോള്‍ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടി. ഓസ്‌ട്രേലിയക്ക് എതിരായ മത്സരത്തില്‍ താരത്തെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

മോശം ഫോമിലുള്ള ഗില്ലിനെ ഉള്‍പ്പെടുത്താന്‍ തകര്‍പ്പന്‍ ഫോമിലുള്ള സഞ്ജുവിനെ ബലിയാടാക്കിയതില്‍ വലിയ രോഷമാണ് ആരാധകര്‍ക്കുള്ളത്. യുവതാരം യശസ്വി ജയ്‌സ്‌വാള്‍ ആണ് ബെഞ്ചിലിരുത്തി ഇന്ത്യ സമയം കളയുന്ന മറ്റൊരു താരം. സാങ്കേതിക മികവ് കൊണ്ടും ഫോര്‍മാറ്റ് അനുസരിച്ച് ശൈലി മാറ്റാന്‍ കഴിയുകയും ചെയ്യുന്ന ജയ്‌സ്‌വാള്‍ യഥാര്‍ത്ഥത്തില്‍ ഗില്ലിനേക്കാള്‍ മികച്ച ടി20 റെക്കോഡ് ഉള്ള താരമാണ്. ഗില്ലിനെ പോസ്റ്റര്‍ ബോയ് ആക്കി മാറ്റാനുള്ള തത്രപ്പാടില്‍ ജയ്‌സ്‌വാളിനെ ഗംഭീര്‍ ഇല്ലാതാക്കുകയാണ്.

ബൗളിംഗിന്റെ കാര്യത്തില്‍ ഇന്ത്യയുടെ ലീഡിംഗ് വിക്കറ്റ് ടേക്കറും ഇടങ്കയ്യന്‍ പേസറുമായ അര്‍ഷ്ദീപിനെ ട്വന്റി 20 ക്രിക്കറ്റില്‍ അപ്രസക്തമായ മത്സരങ്ങളില്‍ മാത്രമാണ് ഗംഭീര്‍ കളിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ടി20 ലോകകപ്പ് ഫൈനലില്‍ താരം എറിഞ്ഞ 19ാം ഓവര്‍ മാത്രം മതി അദ്ദേഹത്തിന്റെ നിലവാരം മനസ്സിലാക്കാന്‍. എന്നിട്ടും പലപ്പോഴും ഹര്‍ഷിത് റാണ എന്ന ശരാശരി ബൗളറെ കളിപ്പിക്കാന്‍ അര്‍ഷ്ദീപിനെ ബെഞ്ചിലിരുത്തുകയാണ്. ഇതിനെതിരെയും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

ഒരു ടീമിനെ സന്തുലിതമാക്കുന്നത് സ്ഥിരതയും ഓരോ പൊസിഷനിലും മികച്ച താരങ്ങളുടെ സാന്നിദ്ധ്യവുമാണ്. എന്നാല്‍ ഇന്ത്യയുടെ ബാറ്റിംഗ് ഓര്‍ഡറില്‍ അനാവശ്യ അഴിച്ചുപണികളാണ് ഗംഭീര്‍ നടത്തുന്നത്. കെഎല്‍ രാഹുല്‍ എന്ന സാങ്കേതികമികവുള്ള ബാറ്ററെ തോന്നുന്നതുപോലെയാണ് ഗംഭീര്‍ പൊസിഷന്‍ നിര്‍ണയിക്കുന്നത്. ഹാര്‍ഡ് ഹിറ്ററായ ശിവം ദൂബെയെ എട്ടാമനായി ഇറക്കി ഇതെന്ത് പരീക്ഷണം എന്ന് തോന്നിപ്പിക്കുന്ന മണ്ടന്‍ നീക്കങ്ങളും ഗംഭീര്‍ നടത്തുന്നുണ്ട്. മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ ഗംഭീറിന്റെ പല തീരുമാനങ്ങളേയും ചോദ്യം ചെയ്ത് രംഗത്ത് വരുന്നുണ്ട്.