
കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിലെ ബാൽഖ് പ്രവിശ്യയിലെ മസാർ ഇ-ഷെരീഫ് നഗരത്തിലുണ്ടായ ഭൂകമ്പത്തിൽ 27 മരണം. 730 പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ തെരച്ചിൽ തുടരുന്നതിനാൽ മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. ജനങ്ങൾ വീടുകളിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് ഭൂകമ്പമുണ്ടായത്. പലരും പുറത്തേക്കോടിരക്ഷപ്പെടും മുന്നേ കെട്ടിടങ്ങൾ നിലംപതിച്ചു. സമൻഗൻ പ്രവിശ്യയിലും കനത്ത നാശനഷ്ടമുണ്ട്.
പ്രാദേശിക സമയം, ഇന്നലെ പുലർച്ചെ 12.59നാണ് റിക്ടർ സ്കെയിലിൽ 6.3 തീവ്രതയിലെ ശക്തമായ ഭൂകമ്പം മേഖലയെ പിടിച്ചുകുലുക്കിയത്. ഭൗമോപരിതലത്തിൽ നിന്ന് 28 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പം.
മസാർ ഇ - ഷെരീഫിലെ ചരിത്ര പ്രസിദ്ധമായ ബ്ലൂ മോസ്കിന്റെ ഒരു ഭാഗത്തിനും നാശനഷ്ടമുണ്ടായി. അഫ്ഗാനിലെ പുണ്യകേന്ദ്രങ്ങളിലൊന്നാണ് 15 -ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ബ്ലൂ മോസ്‌ക്. ഭൂകമ്പത്തിന് പിന്നാലെ രാജ്യമൊട്ടാകെയുള്ള വൈദ്യുതി വിതരണം താറുമാറായി. അതേസമയം, മരുന്നുകൾ അടക്കം ദുരന്ത ബാധിതർക്കുള്ള സഹായ സാമഗ്രികൾ ഉടൻ കാബൂളിലെത്തിക്കുമെന്ന് ഇന്ത്യ അറിയിച്ചു.
നടുക്കം മാറുംമുന്നേ
ആഗസ്റ്റ് 31ന് നംഗർഹാർ, കുനാർ പ്രവിശ്യകളിൽ 6.0 റിക്ടർ സ്കെയിൽ തീവ്രതയിലെ ഭൂകമ്പമുണ്ടായതിന്റെ നടുക്കം വിട്ടുമാറും മുന്നേയാണ് ദുരന്തം ആവർത്തിച്ചത്. മൂവായിരത്തോളം പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്. യൂറേഷ്യൻ ഭൂപാളിയിൽ സ്ഥിതി ചെയ്യുന്നതിനാലും ഹിന്ദുക്കുഷ് പർവത സാമീപ്യം മൂലവും ഭൂചലനങ്ങൾക്ക് വളരെയേറെ സാദ്ധ്യതയുള്ള പ്രദേശമാണ് അഫ്ഗാൻ. തീവ്രത കുറഞ്ഞ ഭൂചലനത്തിൽ പോലും തകർന്നടിയുന്ന ദുർബലമായ കെട്ടിടങ്ങൾ വെല്ലുവിളിയാണ്.