sashi-tharoor

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എഴുതിയ ലേഖനം ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ആയുധമാക്കി ബിജെപി. ഇന്ത്യന്‍ രാഷ്ട്രിയത്തിലെ സ്വജനപക്ഷപാതം, കുടുംബ വാഴ്ച എന്നീ വിഷയങ്ങളെക്കുറിച്ച് ശശി തരൂര്‍ എഴുതിയ ലേഖനം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് എന്നിവരെ ഉദ്ദേശിച്ചാണെന്നാണ് ബിജെപി ഉന്നയിക്കുന്ന വാദം. ഒക്ടോബര്‍ 31-ന് പ്രൊജക്റ്റ് സിന്‍ഡിക്കേറ്റില്‍ പ്രസിദ്ധീകരിച്ച 'ഇന്ത്യന്‍ രാഷ്ട്രീയം ഒരു കുടുംബ ബിസിനസ്സാണ്' എന്ന ലേഖനമാണ് ബിജെപി രാഷ്ട്രീയ ആയുധമാക്കുന്നത്.

തരൂരിന്റെ ലേഖനം വളരെ ഉള്‍ക്കാഴ്ചയുള്ളതാണെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനെവാല എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കാലങ്ങളായി ഒരു കുടുംബം എങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആധിപത്യം സ്ഥാപിച്ചുവെന്നാണ് തരൂര്‍ ലേഖനത്തില്‍ വിശദീകരിക്കുന്നതെന്നാണ് ബിജെപി വക്താവ് അഭിപ്രായപ്പെടുന്നത്. ഇത് നെഹ്‌റു കുടുംബത്തെ ഉദ്ദേശിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്യങ്ങള്‍ തുറന്ന് പറഞ്ഞ തരൂരിനായി പ്രാര്‍ത്ഥിക്കുന്നു, ആ കുടുംബം അത്രയും പ്രതികാരമുള്ളവരാണ്. - പൂനെവാല കുറിച്ചു.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, പ്രധാനമന്ത്രിമാരായിരുന്ന ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി എന്നിവരും ഇൗ കുടുംബാധിപത്യത്തിന്റെ കണ്ണികളായി ഉള്‍പ്പെടുന്നു. സ്വജനപക്ഷപാതം, കുടുംബാധിപത്യം എന്നിവയെ നേരിട്ട് വിമര്‍ശിക്കാന്‍ തരൂര്‍ മുന്നോട്ടുവന്നത് തന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണെന്നും ബിജെപി വക്താവ് ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയില്‍ കുടുംബവാഴ്ചയ്ക്ക് പകരം യോഗ്യതയെ മാനദണ്ഡമാക്കാനുള്ള സമയം അതിക്രമിച്ചുവെന്നാണ് ലേഖനത്തില്‍ തരൂര്‍ പറയുന്നത്. ഇന്ത്യ സഖ്യത്തിലെ കക്ഷികളായ ഡിഎംകെ, ആര്‍ജെഡി, എസ്പി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരെ ഉള്‍പ്പെടെ പേരെടുത്താണ് തരൂര്‍ പരാമര്‍ശിച്ചിരിക്കുന്നത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ അയല്‍രാജ്യങ്ങള്‍ കുടുംബാധിപത്യത്തില്‍ നേരിട്ട പ്രശ്‌നങ്ങളേക്കുറിച്ചും ലേഖനത്തില്‍ പരാമര്‍ശമുണ്ട്. അതേസമയം എംപിയുടെ ലേഖനത്തെക്കുറിച്ച് കോണ്‍ഗ്രസ് ഇനിയും പ്രതികരിച്ചിട്ടില്ല.