
ബിഗ് ബോസ് സീസൺ ഏഴ് ഫിനാലെയിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ സീസണിൽ ഏറ്റവും ശക്തയായ മത്സരാർത്ഥികളിലൊരാളാണ് അനുമോൾ. അഭിനന്ദനങ്ങളും വിമർശനങ്ങളും താരത്തിനെതിരെ നിരന്തരം ഉയർന്നു വരാറുണ്ട്. ഇപ്പോഴിതാ അനുമോൾക്ക് എതിരെ ഉയരുന്ന ആരോപണങ്ങൾക്കെതിരെ മറുപടിയുമായി എത്തുന്ന കുടംബത്തിന്റെ ഒരു അഭിമുഖമാണ് ശ്രദ്ധേയമാകുന്നത്. താരത്തിന്റെ അച്ഛനും അമ്മയും ചേച്ചിയും ഒരുമിച്ചെത്തുന്ന മെയിൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയിൽ അടക്കം ശ്രദ്ധേ നേടുന്നത്.
അനുമോൾ പ്രശസ്തിക്ക് വേണ്ടിയല്ല മറിച്ച് പണത്തിനു വേണ്ടിയാണ് ബിഗ്ബോസിലേക്ക് പോയതെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. പ്രശസ്തി ആവശ്യമില്ലാത്ത ഒരാൾക്ക് പിആർ വർക്കിനു വേണ്ടി മാത്രം 16 ലക്ഷം രൂപ എങ്ങനെ നൽകുമെന്നാണ് കുടുംബം ചോദിക്കുന്നത്. താരത്തിനെതിരെയുള്ള പിആർ വർക്കുകളെക്കുറിച്ചുള്ള ആരോപണങ്ങളെ കുടുംബം ശക്തമായി എതിർക്കുകയാണുണ്ടായത്. അതേസമയം ഹൗസിൽ അനുമോൾ എപ്പോഴും കരയുന്നതിന് കാരണം സഹതാപം പിടിച്ചു പറ്റാൻ വേണ്ടിയാണെന്ന വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. കരച്ചിൽ സഹതാപം നേടാനുള്ള തന്ത്രമെന്ന ആരോപണങ്ങളെയും കുടുംബം തള്ളി.
സിംപതി കിട്ടാൻ വേണ്ടി അനുമോൾ എടുക്കുന്ന സ്ട്രാറ്റജിയല്ല കരച്ചിൽ. പെട്ടെന്ന് കരച്ചിൽ വരുന്ന പ്രകൃതമാണ് അവൾക്ക്. അനു കരയുന്നത് കണ്ട് അമ്മയ്ക്ക് ആദ്യം ബിപി കൂടി പ്രശ്നങ്ങളുണ്ടായിരുന്നു. വീട്ടിൽ നിന്ന് ഒരാളു പോലും കഴിഞ്ഞയാഴ്ച ഹൗസിലേക്ക് വരാതിരുന്നത് അനുവിനോട് എന്തെങ്കിലും പ്രശ്നമുള്ളത് കൊണ്ടല്ല. തങ്ങൾ അവളെ കണ്ടാൽ കരയുമെന്നും കരഞ്ഞ് മെഴുകുന്ന കുടുംബമെന്ന പേര് വേണ്ടെന്ന് വച്ചാണ് കൂട്ടുകാരിയെ അമ്മയ്ക്കൊപ്പം ഹൗസിലേക്ക് അയച്ചതെന്നും അവർ വിശദീകരിച്ചു. അനു ഇത്രയും ദിവസം സർവൈവ് ചെയ്യുമെന്ന് പോലും കരുതിയതല്ലെന്നും എന്നാൽ ഇപ്പോൾ അനുമോൾ നൂറ് ശതമാനം കപ്പടിക്കുമെന്ന പ്രതീക്ഷയാണ് കുടുംബം പങ്കുവയ്ക്കുന്നത്.
മാത്രമല്ല മോഹൻലാൽ വഴക്കു പറയുമ്പോൾ വിഷമം വരാറുണ്ടെന്നും എന്നാൽ സ്ട്രോംഗ് ആയ മത്സരാർത്ഥികളെയാണല്ലൊ ലക്ഷ്യമിടുന്നതെന്നും കുടുംബം ചൂണ്ടികാണിച്ചു. ഏറ്റവും ടോപ്പിൽ നില്ക്കുന്നത് അനുവും അനീഷുമാണെന്നും അവർ പറയുന്നു. ബിഗ്ബോസിലെ അനുവിന്റെ ജീവിതം കൂടുതൽ പക്വതയുള്ളയാളാക്കുമെന്നും കുടുംബം അഭിമാനത്തോടെ കൂട്ടിച്ചേർത്തു.