sabareenath

തിരുവനന്തപുരം: വരുന്ന തദ്ദേശതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങുന്ന മുൻ എംഎൽഎ ശബരീനാഥൻ ജയിക്കുമെന്നുറപ്പിച്ച് കോൺഗ്രസ് നേതാവ് ഡോ.എസ്എസ്‌ ലാൽ. തിരുവനന്തപുരം കോർപ്പറേഷനിലെ കവടിയാർ വാർഡിൽ നിന്നാണ് ശബരീനാഥ് മത്സരിക്കുന്നത്. സോഷ്യൽ മീഡിയാ പോസ്‌റ്റിലൂടെയാണ് ശബരീനാഥൻ ജയിക്കുമെന്ന ആത്മവിശ്വാസം എസ്എസ് ലാൽ പങ്കുവച്ചത്. ഫേസ് ബുക്ക് തുറന്ന് നോക്കിയാൽ ശബരീനാഥൻ

ജയിക്കുമെന്ന കാര്യം മനസിലാകുമെന്നാണ് അദ്ദേഹം പറയുന്നത്. തിരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയുമെന്ന സിപിഎമ്മിന്റെ ആത്മവിശ്വാസം ചാൾസ് ശോഭരാജിൽ പോലും കാണാൻ കഴിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.

പോസ്‌റ്രിന്റെ പൂർണ രൂപം

'ശബരീ, താൻ ജയിക്കുമെന്ന് ഉറപ്പാണ്.എങ്ങനെ മനസിലായെന്നോ? സമയം കിട്ടുമെങ്കിൽ ആ ഫേസ്ബുക്ക് ഒക്കെ ഒന്ന് തുറന്ന് നോക്ക്. സിപിഎമ്മിൽ പുരനിറഞ്ഞ് നിൽക്കുന്ന ജൂനിയർ ഇഎംഎസുമാരും ജൂനിയർ ടീച്ചർമാരും ജൂനിയർ സാംസ്കാരിക മാർക്സ്മാരുമൊക്കെ നെഞ്ചത്തടിച്ച് നിലവിളിക്കുകയാണ്. എംഎൽഎ ആയിരുന്ന ശബരിയെ ദയവായി കോർപ്പറേഷനിൽ മത്സരിപ്പിക്കല്ലേയെന്ന് അവർ കരഞ്ഞപേക്ഷിക്കുകയാണ്. ഹൃദയംപൊട്ടിയൊഴുകുന്ന ചോര കൊണ്ട് അവർ ഫേസ്ബുക്ക് ചുമരുകളിൽ തെരഞ്ഞെടുപ്പ് കാവ്യങ്ങൾ എഴുതുകയാണ്. ഫേസ്ബുക്ക് മുഴുവനും തിരഞ്ഞെടുപ്പ് രക്തസാക്ഷികളുടെ ചോരയാൽ ചുവന്നിരിക്കുകയാണ്.

ശബരീ, ഓർക്കണം; സുലേഖ ടീച്ചറിനില്ലാത്തത്രയും മാതൃവാത്സല്യമുള്ള ഒരുപാട് നല്ല സിപിഎം മാതാക്കൾ കൂടി താങ്കൾക്കുണ്ടെന്ന കാര്യം. കഴിഞ്ഞ തവണ സമയം കിട്ടാഞ്ഞതിനാലാണ് അസംബ്ലി തിരത്തെടുപ്പിൽ താങ്കൾക്കായി പ്രവർത്തിക്കാൻ കഴിയാതെ പോയതെന്നും ഭാവിയിൽ അങ്ങനെയൊരു തെറ്റ് പറ്റില്ലെന്നും അവർ ആണയിടുന്നു. ഒരു കാര്യം കൂടി. സിപിഎമ്മിൻ്റെ ആത്മവിശ്വാസത്തെ താങ്കൾ അംഗീകരിക്കണം. ട്രഷറി മുതൽ ശബരിമല വരെ മോഷണം നടത്തിയിട്ടും തിരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയുമെന്ന സിപിഎമ്മിൻ്റെ ആത്മവിശ്വാസം. അത് ചാൾസ് ശോഭരാജിൽ പോലും കാണാൻ കഴിയാത്തതാണ്. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്'.