pic

വാഷിംഗ്ടൺ: പാകിസ്ഥാൻ, റഷ്യ, ചൈന, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങൾ ആണവായുധങ്ങൾ രഹസ്യമായി പരീക്ഷിക്കുന്നുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 30 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആണവായുധ പരീക്ഷണങ്ങൾ പുനരാരംഭിക്കാനുള്ള യു.എസ് തീരുമാനം വിശദീകരിക്കുകയായിരുന്നു ട്രംപ്. ഈ രാജ്യങ്ങളൊന്നും പരീക്ഷണങ്ങൾ പരസ്യമാക്കില്ലെന്നും ഭൂമിക്കടിയിൽ നടത്തുന്ന പരീക്ഷണങ്ങൾ ആരും അറിയുന്നില്ലെന്നും ട്രംപ് പറഞ്ഞു.

ആണവായുധങ്ങളുടെ പരീക്ഷണങ്ങൾ അടിയന്തരമായി പുനരാരംഭിക്കാൻ കഴിഞ്ഞ ആഴ്ചയാണ് ട്രംപ് സൈന്യത്തോട് ഉത്തരവിട്ടത്. അതേ സമയം, രാജ്യം നേരിട്ടുള്ള ആണവ സ്ഫോടന പരീക്ഷണം നടത്തില്ലെന്ന് യു.എസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് പറഞ്ഞു.

ആണവ പോർമുനകൾ വഹിക്കാൻ ശേഷിയുള്ള ആയുധങ്ങൾ റഷ്യയടക്കം പരീക്ഷിക്കുന്നുണ്ട്. 1992ലാണ് യു.എസ് അവസാനമായി നേരിട്ടുള്ള ആണവ സ്ഫോടന പരീക്ഷണം നടത്തിയത്. ഉത്തര കൊറിയ ഒഴികെ മറ്റ് രാജ്യങ്ങളൊന്നും 1990കൾക്ക് ശേഷം നേരിട്ടുള്ള ആണവ സ്ഫോടന പരീക്ഷണങ്ങൾ നടത്തിയിട്ടില്ല. 2017ലാണ് ഉത്തര കൊറിയ ആണവ സ്ഫോടനത്തോടെയുള്ള ആയുധ പരീക്ഷണം നടത്തിയത്.