shafi-parambil

കോഴിക്കോട്: പേരാമ്പ്രയിൽ യൂത്ത് കോൺഗ്രസും പൊലീസും തമ്മിൽ ഉണ്ടായ സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എം.പിക്ക് മർദ്ദനമേറ്റ സംഭവത്തിൽ റിപ്പോർട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്. ആഭ്യന്തര മന്ത്രാലയത്തോട് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സർക്കാരിൽ നിന്ന് വിശദമായ വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് നൽകണമെന്നും ലോക്സഭ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഷാഫി പറമ്പിൽ, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ലോക്സഭ സെക്രട്ടറിയേറ്റ് റിപ്പോർട്ട് തേടിയിരിക്കുന്നത്.

അതേസമയം പൊലീസ് വീഴ്ച മറച്ചു വയ്ക്കാനാണ് യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞെന്ന കേസ് ഉയർത്തിയതെന്ന് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി വിമർ‌ശിച്ചിരുന്നു. പൊലീസിന്റെ ക‌ൈയിലുണ്ടായിരുന്ന ഗ്രനേ‌ഡ് കൈകാര്യം ചെയ്തതിലുണ്ടായ പാളിച്ച മറച്ചുവയ്ക്കാനാണ് യുഡിഎഫ് പ്രവർത്തകർക്കെതിരെ പുതിയ കേസെടുത്തിരിക്കുന്നതെന്നുമാണ് കോടതിയുടെ നിരീക്ഷണം. കേസിൽ യുഡിഎഫ് പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷയുടെ വിധി പറയുന്നതിനിടെയായിരുന്നു കോടതിയുടെ വിമർശനം. ലഭ്യമായ തെളിവുകൾ പരിശോധിച്ചപ്പോൾ സ്ഫോടകവസ്തു ഉപയോഗിച്ചുവെന്ന് കാണിച്ച് പുതിയ കേസെടുത്തത് വീഴ്ചകൾ മറച്ചുവയ്ക്കുന്നതിനു വേണ്ടിയാണെന്ന് കോടതി ഉത്തരവിൽ പറയുന്നു.