biriyani

പലരുടെയും ഏറ്റവും ഇഷ്‌ടപ്പെട്ട ഭക്ഷണവിഭവങ്ങളിൽ ഒന്നാണ് ബിരിയാണി. ഇന്ത്യൻ ജനതയുടെ ആഘോഷങ്ങളിലും ബിരിയാണിക്ക് പ്രത്യേകം ഒരു സ്ഥാനമുണ്ട്. ഒരു വലിയ ജനക്കൂട്ടത്തിനായി ബിരിയാണി ഒരുക്കുക എന്നത് ചെറിയ കാര്യമല്ല. അത്തരം അവസരങ്ങളിൽ ബിരിയാണി തയ്യാറാക്കാറുള്ള വലിയ പാത്രം (ബിരിയാണി ചെമ്പ്) തുറക്കുന്നത് തന്നെ ഒരു വലിയ ആനന്ദമാണ്. പലപ്പോഴും ഈ വലിയ ബിരിയാണി പാത്രങ്ങൾ ഒരു തുണികൊണ്ട് മൂടിയിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ?

ഇത് വളരെ സാധാരണമായ ഒരു കാഴ്ചയാണ്, എപ്പോഴെങ്കിലും അത് എന്തിനാണെന്ന് ചിന്തിച്ചിട്ടുണ്ടോ? കേരളത്തിൽ ഈ തുണിക്ക് അങ്ങനെ പ്രത്യേകിച്ച് നിറമില്ലെങ്കിലും ഇന്ത്യയിലെ മറ്റ് നഗരങ്ങളിൽ കടും ചുവപ്പ് നിറത്തിലുള്ള തുണിയാണ് ബിരിയാണി ചെമ്പ് മൂടാൻ ഉപയോഗിക്കുന്നത്. ഈ ചുവന്ന തുണി ഉപയോഗിക്കുന്നതിന് പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട്.

ചൂട് നിലനിർത്തുന്നു: പൊതുവെ ബിരിയാണിയുടെ ചൂട് പോകാതെ സംരക്ഷിക്കുന്നതിനായാണ് ബിരിയാണി ചെമ്പ് തുണി കൊണ്ട് മൂടുന്നത്. കോട്ടൺ തുണി മണിക്കൂറുകളോളം ബിരിയാണിയുടെ ചൂട് നിലനിർത്തുന്നു. ഇത് ഏറെ വൈകി പാകം ചെയ്യുമ്പോഴും ബിരിയാണി കേടാകാതിരിക്കാൻ സഹായിക്കുന്നു.

നീരാവി നിയന്ത്രണം: ഇത് ബിരിയാണിചെമ്പിന് ഉള്ളിലെ ഈർപ്പം പിടിച്ചുനിർത്തി അരി മൃദുവും സുഗന്ധവുമുള്ളതായി നിലനിർത്തുന്നു.

പൊടിയിൽ നിന്ന് സംരക്ഷണം: പ്രത്യേകിച്ച് തുറന്നിരിക്കുന്ന കടകളിൽ ബിരിയാണിയിൽ പൊടി വീഴാതെ അടച്ച് സൂക്ഷിക്കാൻ കോട്ടൺ തുണി ഉപയോഗിക്കുന്നു. ഇത് കൈകാര്യം ചെയ്യുന്നതിനും വളരെ എളുപ്പമാണ്.

ആഘോഷങ്ങളുടെ നിറം: ഇതിനെല്ലാം പുറമെ ഇന്ത്യൻ സംസ്കാരം, പാരമ്പര്യം എന്നിവയെക്കൂടി ഈ ചുവന്ന തുണി പ്രതിനിധീകരിക്കുന്നുണ്ട്. ഇന്ത്യൻ സംസ്കാരത്തിൽ ചുവപ്പിന് എപ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ട്. ആഘോഷത്തിന്റെയും ഊഷ്മളതയുടെയും സുഗന്ധത്തിന്റെയും നിറമാണത്. ബിരിയാണി ഇതിനെയെല്ലാം പ്രതിനിധീകരിക്കുന്നുണ്ട്.ചുവപ്പ് നിറം കൂടുതൽ തീക്ഷ്ണമാണ്. ബിരിയാണിയുടെ തീക്ഷ്ണമായ രുചിയുടെ സൂചന കൂടിയാണ് ആ നിറം.

സൂചനയായി പ്രവർത്തിക്കുന്നു: ഇന്ത്യയിലെ തിരക്കേറിയ തെരുവുകളിൽ നിരവധി വിഭവങ്ങൾ ശ്രദ്ധ പിടിച്ചുപറ്റാനായി മത്സരിക്കുന്നിടത്ത് ബിരിയാണി ചെമ്പിലെ ചുവപ്പ് നിറം പ്രത്യേക സൂചനയായി പ്രവർത്തിക്കുന്നു. അത് ആളുകളെ പെട്ടെന്ന് അവിടേക്ക് ആകർഷിക്കുന്നു.