
പാരീസ്: പാരീസിലെ ലൂവ്ര് മ്യൂസിയത്തിലെ കവർച്ചയ്ക്ക് പിന്നിൽ പെറ്റി ക്രിമിനലുകളാണെന്നും സംഘടിത കുറ്റകൃത്യ സംഘമല്ലെന്നും പാരീസ് പ്രോസിക്യൂട്ടർ. മോഷണം നടത്തിയെന്ന് കരുതുന്ന മൂന്ന് പേരും ഇവരിൽ ഒരാളുടെ പങ്കാളിയായ യുവതിയുമാണ് നിലവിൽ കുറ്റംചുമത്തപ്പെട്ട് കസ്റ്റഡിയിലുള്ളത്. മോഷ്ടാക്കളിൽ ഒരാളെ ഇനിയും കണ്ടെത്താനായിട്ടില്ല. എല്ലാവരും പാരീസിന്റെ പരിസരത്ത് ജീവിക്കുന്നവരാണ്. ഒക്ടോബർ 19ന് പട്ടാപ്പകലാണ് ലൂവ്ര് മ്യൂസിയത്തിൽ നിന്ന് അമൂല്യ ആഭരണങ്ങളുമായി മുഖംമൂടി ധരിച്ച നാല് മോഷ്ടാക്കൾ കടന്നത്. മോഷ്ടിക്കപ്പെട്ട 8.8 കോടി യൂറോയുടെ രാജകീയ ആഭരണങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ല.