
തിരുവനന്തപുരം: 55-മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കളെ അഭിനന്ദിച്ച് മോഹൻലാൽ. ഫേസ്ബുക്ക് പേജിലൂടെയാണ് മോഹൻലാൽ പുരസ്കാര ജേതാക്കൾക്ക് ആശംസകൾ അറിയിച്ചത്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാക്കൾക്കെല്ലാം ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്നാണ് കുറിപ്പിന്റെ തുടക്കം.
മികച്ച നടനായ എന്റെ ഇച്ചാക്കയ്ക്ക് പ്രത്യേക സ്നേഹം. മികച്ച നടി ഷംല ഹംസയ്ക്കും മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ ചിദംബരത്തിനും അഭിനന്ദനങ്ങൾ. മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നേടിയ ‘മഞ്ഞുമ്മൽ ബോയ്സിന്’ വലിയൊരു കയ്യടി. ആസിഫ് അലി, ടൊവിനോ തോമസ്, ജ്യോതിർമയി, ദർശന രാജേന്ദ്രൻ എന്നിവർക്കും അഭിനന്ദനങ്ങൾ" എന്നാണ് മോഹൻലാലിന്റെ കുറിപ്പ്.
'കൊടുമൺ പോറ്റി, ചാത്തൻ എന്നീ രണ്ടു കഥാപാത്രങ്ങളെ ഏകശരീരത്തിലേക്ക് ആവാഹിച്ചുകൊണ്ട് അധികാരത്തിനകത്തെ പൈശാചികതയെ അതിശക്തമായും സൂക്ഷ്മമായും ആവിഷ്കരിച്ച ഭാവാഭിനയ മികവാണ് മമ്മൂട്ടിയെ പുരസ്കാരത്തിന് അർഹനാക്കിയത്. താരപദവിയും പ്രതിച്ഛായയും മറന്ന്, ഉടലിനെ അഭിനയപരീക്ഷണത്തിന്റെ ഉപാധിയാക്കാനായി എടുത്തണിഞ്ഞ പ്രതിനായകവേഷത്തിന്റെ പകർന്നാട്ട പൂർണതയാണ് മമ്മൂട്ടിയുടേതെന്നാണ്' ജൂറിയുടെ പരാമർശം. 2022-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് മമ്മൂട്ടിയായിരുന്നു. 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അന്ന് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.