pic

ഖാർത്തൂം: ആഭ്യന്തര യുദ്ധം രൂക്ഷമായ വടക്കേ ആഫ്രിക്കൻ രാജ്യമായ സുഡാനിൽ ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയി. ഒഡീഷ സ്വദേശിയായ ആദർശ് ബെഹ്റയെ ആണ് (36)​ അർദ്ധ സൈനിക വിഭാഗമായ ആർ.എസ്.എഫ് (റാപ്പിഡ് സപ്പോർട്ട് ഫോഴ്സ്) അൽ-ഫാഷിർ നഗരത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയത്.

ആദർശ് ആർ.എസ്.എഫുകാർക്കൊപ്പമുള്ളതിന്റെ വീഡിയോയും പുറത്തുവിട്ടു. ആദർശിനെ നയാല നഗരത്തിലെ ആർ.എസ്.എഫ് കേന്ദ്രത്തിലേക്ക് കൊണ്ടുപോയിരിക്കാമെന്ന് കരുതുന്നു. ഇയാളുടെ മോചനത്തിനായി ഇന്ത്യൻ വദേശകാര്യ മന്ത്റാലയത്തിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ തുടങ്ങി. 2022 മുതൽ സുഡാനിലെ ഒരു കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു ആദർശ്.

ഒക്ടോബർ 26നാണ് ഔദ്യോഗിക സൈന്യത്തെ തുരത്തി അൽ-ഫാഷിറിന്റെ നിയന്ത്രണം ആർ.എസ്.എഫ് പിടിച്ചെടുത്തത്. അന്ന് മുതൽ പതിനായിരത്തോളം പേരെ ആർ.എസ്.എഫ് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. തട്ടിക്കൊണ്ടുപോകുന്നവരുടെ മോചനദ്രവ്യമായി 50 ലക്ഷം മുതൽ 3 കോടി സുഡാനീസ് പൗണ്ട് വരെ ആവശ്യപ്പെടുന്നെന്നും വിവരമുണ്ട്.