dies-irae

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹൊറർ സിനിമയുടെ പട്ടികയിൽ ഇടം നേടുകയാണ് പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത 'ഡീയസ് ഈറെ'. ദൈനംദിന ജീവിതത്തിലെ സാധാരണ നിമിഷങ്ങളെപ്പോലും ഭയത്തിന്റെ ഉറവിടമാക്കി മാറ്റാനുള്ള സംവിധായകന്റെ ശ്രമം ഡീയസ് ഈറെയിലൂടെ പൂ‌ർണമായും സാധിച്ചു. രാഹുൽ സദാശിവൻ എന്ന സംവിധായകന്റെ പ്രതിഭയെ വീണ്ടും തെളിയിക്കുന്ന സിനിമയാണിത്. അതേസമയം ഭാവിയിൽ ഒരു കൾട്ട് ക്ലാസിക്കായി 'ഡീയസ് ഈറെ' അറിയപ്പെടാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല.

ചെറിയൊരു തണുത്ത കാറ്റ് മുടിയിഴകളെ തലോടുമ്പോൾ പോലും ഭയം ജനിപ്പിക്കുന്ന രീതിയിലാണ് അദ്ദേഹം പേടിയെ അനാവരണം ചെയ്തിരിക്കുന്നത്. ചിലപ്പോൾ സിനിമ കണ്ട് കഴിയുമ്പോൾ കാറ്റ് കൊള്ളുന്നത് പോലും അസ്വസ്ഥതയുണ്ടാക്കിയേക്കാം. വെറുമൊരു ഹെയർ ക്ലിപ്പിന്റെ ക്ലിക്ക് ശബ്ദം പോലും ഭയം പ്രേക്ഷകരിലേക്ക് അരിച്ചെത്തുന്നു. ജമ്പ് സ്കെയറുകൾ അടക്കമുള്ള സ്ഥിരം ക്ലീഷേ സംഗതികൾ പടത്തിൽ ഉണ്ടെങ്കിലും അവ ഉപയോഗിച്ചിരിക്കുന്ന രീതിയും അവ സൃഷ്ടിക്കുന്ന പുതിയ അന്തരീക്ഷവുമാണ് രാഹുൽ സദാശിവൻ എന്ന സംവിധായകന്റെ ബ്രില്ല്യൻസ് കാണിക്കുന്നത്.

അതിസമ്പന്ന കുടുംബത്തിലെ റോഹൻ എന്ന കഥാപാത്രമായാണ് പ്രണവ് മോഹൻലാൽ എത്തുന്നത്. തന്റെ വലിയ ആ‌‌‌ഢംബര വീട്ടിൽ ചില അസ്വാഭാവിക കാര്യങ്ങൾ അനുഭവപ്പെടുന്നതിനെ തുടർന്ന് ആ പ്രശ്നത്തിന്റെ വേരുകൾ തേടി റോഹൻ എന്ന പ്രണവിന്റെ കഥാപാത്രം ഇറങ്ങി പുറപ്പെടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. രാഹുൽ സദാശിവന്റെ രണ്ടാമത്തെ ചിത്രമായ ഭൂതകാലത്തിൽ നിന്ന് വ്യത്യസ്തമായി 'ഡീയസ് ഈറെ' പ്രേക്ഷകനെ അസ്വസ്ഥതപ്പെടുത്തുന്ന ഭയം ജനിപ്പിക്കുന്ന ഹൊറർ ഘടകങ്ങളാണ് അവതരിപ്പിച്ചരിക്കുന്നത്. ഇത് ചിത്രത്തിന്റെ ആസ്വാദനത്തെ ഒട്ടും ബാധിക്കുകയുമില്ല.

മികച്ച സൗണ്ട് ഇഫക്ടുകൾ, എഡിറ്റിംഗ്, സംഗീതം എന്നിവ ഉപയേഗിക്കേണ്ടിടത്ത് മാത്രം ഉപയോഗിച്ച് മികച്ച ആസ്വാദനമാണ് പ്രേക്ഷകന് നൽകുന്നത്. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ഒന്നടങ്കം മുൾമുനയിൽ നിർത്തുന്ന പശ്ചാത്തല സംഗീതം ഒരുക്കിയ സംഗീതസംവിധായകൻ ക്രിസ്റ്റോ സേവിയറിന് സ്പെഷ്യൽ കയ്യടി കൊടുക്കാം. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ച ഷഫീഖ് മുഹമ്മദ് അലിയും കഥയുടെ ഗതിയെ വേറിട്ട രീതിയിൽ അവതരിപ്പിച്ചു.

സിനിമയുടെ ആദ്യ ഭാഗങ്ങൾ സാധാരണ ഒരു ഹൊറർ സിനിമയുടെ പ്രതീതി നൽകുമെങ്കിലും ഒട്ടും താമസിയാതെ ഒരു മിസ്റ്ററി ത്രില്ലർ സ്വഭാവത്തിലേക്കു വഴിമാറുന്നുണ്ട്. കഥയുടെ ചുരുൾ അഴിയുന്ന ക്ലൈമാക്സ് രംഗവും പ്രേക്ഷകനെ അമ്പരപ്പിക്കുന്നതാണെന്ന കാര്യത്തിൽ സംശയമില്ല. സിനിമയുടെ സാങ്കേതിക തികവിനൊപ്പം കഥാപാത്രങ്ങളുടെ പ്രകടനവും എടുത്ത് പറയേണ്ടതാണ്. പ്രണവ് മോഹൻലാലിനൊപ്പം ഗിബിൻ ഗോപിനാഥ്, അരുൺ അജിത് കുമാർ, ജയ കുറുപ്പ് എന്നിവരുടെ പ്രകടനവും കയ്യടിയർഹിക്കുന്നതാണ്.