ranji

തിരുവനന്തപുരം: കര്‍ണ്ണാടകത്തിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ 348 റണ്‍സ് ലീഡ് വഴങ്ങിയ കേരളത്തിന് ഫോളോഓണിനിറങ്ങേണ്ടിവന്നു. ആദ്യ ഇന്നിംഗ്‌സില്‍ 586 റണ്‍സ് നേടിയ കര്‍ണാടകം കേരളത്തെ 238 റണ്‍സിന് ഓള്‍ ഔട്ടാക്കി.തുടര്‍ന്ന് ഫോളോ ഓണ്‍ ചെയ്ത കേരളം മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടംകൂടാതെ 10 റണ്‍സെന്ന നിലയിലാണ്.

88 റണ്‍സടിച്ച ബാബ അപരാജിത്തിനും 31 റണ്‍സ് വീതം നേടിയ സച്ചിന്‍ ബേബിക്കും അഹമ്മദ് ഇമ്രാനും 29 റണ്‍സടിച്ച ഷോണ്‍ റോജര്‍ക്കും മാത്രമാണ് ഒന്നാം ഇന്നിംഗ്‌സില്‍ കേരള നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനില്‍ക്കാനായത്.21/3 എന്ന സ്‌കോറിലാണ് കേരളം ഇന്നലെ ബാറ്റിംഗ് പുനരാരംഭിച്ചത്.

കൃഷ്ണപ്രസാദ് (4), നിതീഷ് (0), വൈശാഖ് ചന്ദ്രന്‍ (0) എന്നിവരെ രണ്ടാം ദിവസം തന്നെ നഷ്ടമായിരുന്നു. അക്ഷയ്ചന്ദ്രന്‍ (11), സച്ചിന്‍ ബേബി,ബാബ അപരാജിത്ത്, അഹമ്മദ് ഇമ്രാന്‍ , ക്യാപ്ടന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍(6),ഷോണ്‍,ഹരികൃഷ്ണന്‍ (6) എന്നിവരെ ഇന്നലെ നഷ്ടമായി. 12 റണ്‍സടിച്ച എന്‍.പി ബേസില്‍ പരിക്കേറ്റ് പുറത്തായപ്പോള്‍ ഏദന്‍ ആപ്പിള്‍ ടോം കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി.