money

ഉത്പാദന ചെലവ് കുറഞ്ഞതും വിപണി ഉണര്‍വും കരുത്തായി

കൊച്ചി: ചരക്കുസേവന നികുതിയിലെ(ജി.എസ്.ടി) ഇളവിന്റെയും അസംസ്‌കൃത സാധനങ്ങളുടെ വിലയിടിവിന്റെയും കരുത്തില്‍ സിമന്റ് കമ്പനികളുടെ ലാഭം കുതിച്ചുയരുന്നു. ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ രാജ്യത്തെ പ്രമുഖ സിമന്റ് കമ്പനികളായ അള്‍ട്രാടെക്ക്, അംബുജ സിമന്റ്‌സ്, എ.സി.സി, ശ്രീ സിമന്റ് എന്നിവയുടെ അറ്റാദായത്തിലും വരുമാനത്തിലും മൂന്നിരട്ടി വരെ ഉയര്‍ന്നു.

ആദിത്യ ബിര്‍ള ഗ്രൂപ്പ് കമ്പനിയായ അള്‍ട്രാടെക്കിന്റെ അറ്റാദായം ജൂലായ്-സെപ്തംബര്‍ കാലയളവില്‍ 75.2 ശതമാനം ഉയര്‍ന്ന് 1,231.58 കോടി രൂപയിലെത്തി. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 20.3 ശതമാനം ഉയര്‍ന്ന് 19,606.93 കോടി രൂപയിലെത്തി. അദാനി ഗ്രൂപ്പ് കമ്പനികളായ എ.സി.സി, അംബുജ സിമന്റ്സ് എന്നിവയും മികച്ച നേട്ടമുണ്ടാക്കി. അവലോകന കാലയളവില്‍ എ.സി.സിയുടെ അറ്റാദായം 460 ശതമാനം ഉയര്‍ന്ന് 1,119 കോടി രൂപയിലെത്തി. അംബുജ സിമന്റ്സിന്റെ അറ്റാദായം 268 ശതമാനം ഉയര്‍ന്ന് 1,766 കോടി രൂപയായി. ശ്രീസിമന്റിന്റെ ലാഭം മൂന്നിരട്ടി വര്‍ദ്ധിച്ച് 277 കോടി രൂപയിലെത്തി.

വമ്പന്‍ നിക്ഷേപവുമായി കമ്പനികള്‍

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച ശക്തമാകുന്ന പശ്ചാത്തലത്തില്‍ സിമന്റ് കമ്പനികള്‍ ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നു. ആഗോള സിമന്റ് ഉത്പാദന കേന്ദ്രമായി ഇന്ത്യ കുതിക്കുകയാണ്. പ്രതിവര്‍ഷ ഉത്പാദന ശേഷിയില്‍ 2.28 കോടി ടണ്ണിന്റെ വര്‍ദ്ധന ലക്ഷ്യമിട്ട് അള്‍ട്രാടെക്ക് 10,255 കോടി രൂപ നിക്ഷേപിക്കും. അഞ്ച് വര്‍ഷത്തിനിടെ സിമന്റ് രംഗത്ത് 50,000 കോടി രൂപ നിക്ഷേപിച്ചിരുന്നു. അദാനി ഗ്രൂപ്പ് 9,000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്.

ജൂലായ്- സെപ്തംബര്‍ കാലയളവിലെ കമ്പനികളുടെ മൊത്തം ലാഭം

4,393.58 കോടി രൂപ

വിപണി വിഹിതം

അള്‍ട്രാടെക്ക്: 26.2 ശതമാനം

അദാനി ഗ്രൂപ്പ്: 14.3 ശതമാനം

ശ്രീ സിമന്റ്സ്: 9 ശതമാനം

ഡാല്‍മിയ സിമന്റ്സ്: 7.1 ശതമാനം

അനുകൂല ഘടകങ്ങള്‍

1. ക്രൂഡ് വിലയിലെ ഇടിവ് ലാഭക്ഷമത ഉയര്‍ത്തുന്നു

2. പശ്ചാത്തല വികസന ഉണര്‍വില്‍ ഉപഭോഗം കൂടുന്നു

3. ജി.എസ്.ടി കുറഞ്ഞതോടെ ഭവന വിപണിയില്‍ ഉണര്‍വ്

4. പലിശ കുറഞ്ഞതോടെ പ്രവര്‍ത്തന ലാഭം മെച്ചപ്പെട്ടു

വിലയിലെ ശരാശരി വര്‍ദ്ധന

സിമന്റ് ചാക്കൊന്നിന് അഞ്ച് ശതമാനം ഉയര്‍ന്ന് 350 മുതല്‍ 365 രൂപ വരെയായി