
കാലിഫോർണിയയുടെ തീര പ്രദേശത്തുള്ള മൺകൂനകളിൽ നിന്ന് പുതിയ ഇനം ചിലന്തിയെ കണ്ടെത്തി ശാസ്ത്രജ്ഞർ. യുസി ഡേവിസിലെ ശാസ്ത്രജ്ഞരാണ് ചിലന്തികളെ കണ്ടെത്തിയത്. 'ആപ്റ്റോസ്റ്റിക്കസ് റാമിറെസേ'യെന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ബയോളജി പ്രൊഫസറായിരുന്ന മാർട്ടിന ഗിസെൽ റമിറസിനോടുള്ള ആദരസൂചകമായാണ് പുതിയ ഇനം ചിലന്തിക്ക് 'ആപ്റ്റോസ്റ്റിക്കസ് റാമിറെസേ' എന്ന് പേര് നൽകിയത്.
ലോകത്ത് ഇതുവരെ 50,000-ത്തിലധികം ചിലന്തി വർഗങ്ങളെ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ ഈ കണ്ടെത്തൽ ഏറെ പ്രാധാന്യം അർഹിക്കുന്നുണ്ടെന്നാണ് പഠനത്തിന്റെ മുഖ്യ ഗവേഷകനും എന്റമോളജി ആൻഡ് നെമറ്റോളജി വിഭാഗം പ്രൊഫസറുമായ ജേസൺ ബോണ്ട് ചൂണ്ടികാണിക്കുന്നത്.
പുതിയതായി കണ്ടെത്തിയ ഈ ചിലന്തി, ഇതിന്റെ അടുത്ത ബന്ധുവായ ആപ്റ്റോസ്റ്റിക്കസ് സിമസിൽ നിന്ന് ജനിതകപരമായി ഏറെ അകലെയാണ്. ഇവ തമ്മിലുള്ള ജനിതക വ്യത്യാസം, മനുഷ്യനും മനുഷ്യന്റെ ഏറ്റവും അടുത്ത ബന്ധുക്കളായ ചിമ്പാൻസികളും ബൊനോബോകളും തമ്മിലുള്ളതിനേക്കാൾ കൂടുതലാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. പുതിയ കണ്ടെത്തലോടെ ഈ രണ്ടു ചിലന്തി വർഗങ്ങളും ഒന്നാണെന്ന മുൻധാരണ തെറ്റാണെന്ന് തെളിഞ്ഞു.
ഈ ഇനത്തിലെ പെൺചിലന്തികൾക്ക് 15 വർഷത്തിലധികം ആയുസുണ്ടെന്നാണ് കണക്കാക്കുന്നത്. അവ ജീവിതകാലം മുഴുവൻ മൺകൂനകളിൽ ചിലവഴിക്കുകയും അവിടെ വച്ച് കുഞ്ഞുങ്ങളെ പരിപാലിക്കുകയും പ്രത്യുത്പാദനം നടത്തുകയും ചെയ്യുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. മാളങ്ങളിൽ ഒതുങ്ങിക്കൂടുന്നവയാണെങ്കിലും, ജൈവപരമായ മാറ്റങ്ങൾ നിലനിർത്തുന്നതിൽ ഈ ജീവികൾക്ക് വലിയ പങ്കുണ്ട്. ചിലന്തികളെ ഭയമാണെങ്കിലും, അവ പരിസ്ഥിതിക്ക് ഒഴിച്ചു കൂടാനാകാത്തതാണെന്നാണ് ശാസ്ത്രഞ്ജർ ഓർമ്മിപ്പിക്കുന്നത്.
ആപ്റ്റോസ്റ്റിക്കസ് റാമിറെസേ എന്ന പുതിയ ചിലന്തി വർഗത്തിന്റെ സ്വാഭാവിക ആവാസവ്യവസ്ഥ വംശനാശ ഭീഷണിയിലാണെന്നാണ് ഗവേഷകർ പറയുന്നത്. ഉയർന്ന കടൽനിരപ്പ്, നഗരവൽക്കരണം, കാട്ടുതീ എന്നിവ കാരണം ഇവയുടെ വാസസ്ഥലങ്ങൾ അതിവേഗം നശിക്കുകയാണ്. ഈ സാഹചര്യത്തിൽ, ഇവയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.