
ചെെനീസ് യുവാവിന്റെ ഒരു വ്യത്യസ്തമായ ആവശ്യമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. മുൻ കാമുകിയെ കണ്ടെത്താൻ സഹായിക്കണമെന്നാണ് ലീ എന്ന യുവാവിന്റെ ആവശ്യം. ആദ്യ പ്രണയിനി മാ എന്ന യുവതിയേയാണ് ലീ തേടുന്നത്. എന്നാൽ അന്വേഷണത്തിന്റെ കാരണമാണ് സോഷ്യൽമീഡിയ ചർച്ചചെയ്യുന്നത്.
കാമുകി മാ നൽകിയ പണം തിരികെ നൽകാനാണ് ലീ മായെ അന്വേഷിക്കുന്നത്. 10,000 യുവാൻ ഏകദേശം 1,24,652 രൂപയാണ് ലീ മായ്ക്ക് നൽകിയത്. തന്റെ അന്വേഷണത്തെ സഹായിക്കാനായി "സിയോലി ഹെല്‍പ്പ്സ് യു" എന്ന പ്രാദേശിക ടെലിവിഷൻ പ്രോഗ്രാമിന്റെ സഹായം തേടുകയായിരുന്നു. സാധാരണക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ഷോയാണിത്.
1991ലാണ് ലി മായെ കണ്ടുമുട്ടുന്നത്. വിവാഹമോചിതയായ ഒരു കുട്ടിയുടെ അമ്മയായിരുന്നു മാ . ഒരുമിച്ച് ജോലി ചെയ്യുന്നതിനിടയിലാണ് ഇരുവരും പ്രണയത്തിലായത്, പിന്നീട് ലീയുടെ പിതാവ് കാൻസർ രോഗബാധിതനായതും ലി സ്വന്തം നാട്ടിൽ സ്ഥിരതാമസമാക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹവും കാരണം ഇരുവരും വേർപിരിഞ്ഞുവെന്നുമാണ് യുവാവ് പറയുന്നത്. വർഷങ്ങൾക്ക് ശേഷം, 2001ൽ, ലിക്ക് സ്വന്തമായി ഒരു കമ്പനി ആരംഭിക്കാൻ സാമ്പത്തിക സഹായം ആവശ്യമായി വന്നപ്പോഴാണ് മാ പണം നൽകി സഹായിച്ചത്.
പിന്നീട് തന്റെ ഫോൺ നഷ്ടപ്പെട്ടതിലൂടെ മായെ വിളിക്കാൻ മറ്റു മാർഗങ്ങൾ ഇല്ലാതായി. എന്നാൽ ഇപ്പോൾ പണം തിരികെ നൽകണമെന്ന ആഗ്രഹത്തിന് അവരുടെ അഡ്രസ് കണ്ടെത്തി തരണമെന്നാണ് ലീയുടെ അഭ്യർത്ഥന.
അതേസമയം, യുവാവിന്റെ സത്യസന്ധതയെ സോഷ്യൽമീഡിയയിലുള്ളവർ പ്രശംസിക്കുമ്പോൾ മറ്റുള്ളവർ വളരെ വലിയ തുക തിരികെ നൽകണമെന്നാണ് പറയുന്നത്.