
നെടുമങ്ങാട്: അരുവിക്കര ജംഗ്ഷൻ വികസനവും നവീകരണവും ഉടൻ ആരംഭിക്കുമെന്ന് അഡ്വ.ജി.സ്റ്റീഫൻ എം.എൽ.എ അറിയിച്ചു. 15കോടി രൂപ ചെലവിൽ കിഫ്‌ബി ഫണ്ടുപയോഗിച്ചാണ് അരുവിക്കര ജംഗ്ഷൻ നവീകരിക്കുന്നത്. 2.3 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനു ആർ.ആർ പാക്കേജ് മുഖേനയും അനുവദിച്ചിട്ടുണ്ട്. നെടുമങ്ങാട്-അരുവിക്കര-വെള്ളനാട് റോഡ് വികസനത്തിന്റെ ഭാഗമായാണ് അരുവിക്കര ജംഗ്ഷൻ വികസനം കിഫ്‌ബി പദ്ധതിയിലുൾപ്പെടുത്തിയത്. പുതിയ വെയ്റ്റിംഗ് ഷെഡ്, തെരുവുവിളക്കുകൾ, ഫുട്പാത്ത്, മഴവെള്ള-ഡ്രെയിനേജ് സംവിധാനങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പിലാകും. അരുവിക്കര ഡാം മുതൽ ഫാർമേഴ്സ് ബാങ്ക് ജംഗ്ഷൻ വരെയും, അരുവിക്കര ജംഗ്ഷൻ മുതൽ കണ്ണംകാരം പമ്പ്ഹൗസ് വരെയും 2.20 കി.മീറ്റർ നീളത്തിലും12 മീറ്റർ വീതിയിലും റോഡ് നിർമ്മിക്കും. നെടുമങ്ങാട് നിന്നും മഞ്ച - അരുവിക്കര വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ബസുകൾക്കും വെള്ളനാട് നിന്നും അരുവിക്കര വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ബസുകൾക്കും പ്രത്യേക സ്റ്റോപ്പുകളും നിലവിൽവരും. നവീകരണ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ അരുവിക്കര ഡാം വിനോദസഞ്ചാര കേന്ദ്രത്തിനും പുത്തൻ ഉണർവാകും.
ടെൻഡർ നടപടികൾ പൂർത്തിയായി
അരുവിക്കര വില്ലേജിലെ 68 ഭൂവുടമകളിൽ നിന്നുള്ള ഭൂമിയേറ്റെടുക്കൽ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. വസ്തു ഏറ്റെടുക്കലിനായി 2.5 കോടി രൂപ ചെലവിട്ടു. ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങളും മറ്റും പൊളിച്ചുമാറ്റുന്ന പ്രവൃത്തി ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. കെ.എസ്.ഇ.ബി, വാട്ടർ അതോറിട്ടി യൂട്ടിലിറ്റി ഷിഫ്റ്റിംഗിനുള്ള തുക കിഫ്‌ബി കൈമാറി. ഒരു വർഷമാണ് പൂർത്തീകരണ കാലാവധി. ആകെ 19സെന്റ് ഭൂമിയാണ് ജംഗ്ഷൻ വികസനത്തിനായി ഏറ്റെടുക്കുന്നത്. മുഴുവൻ പുറമ്പോക്ക് ഭൂമിയും അളന്ന് തിട്ടപ്പെടുത്തി. 68 ഭൂവുടമകളിൽ 56പേർക്കും പണം നല്കി.