
തൃശൂർ: കുപ്രസിദ്ധ ഗുണ്ടാ നേതാവും മോഷ്ടാവുമായ തമിഴ്‌നാട് സ്വദേശി ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരനാണ്. വിയ്യൂർ ജയിൽ പരിസരത്തുനിന്നായി തമിഴ്‌നാട് പൊലീസിനെ വെട്ടിച്ചാണ് ഇയാൾ കടന്നത്. ഇന്നലെ രാത്രി 9.45ഓടെയായിരുന്നു സംഭവം. തമിഴ്‌നാട്ടിൽ നിന്ന് തെളിവെടുപ്പിന് ശേഷം ജയിലിലേയ്ക്ക് കൊണ്ടുവരികയായിരുന്നു. പ്രതിക്കായി പൊലീസ് വ്യാപക തെരച്ചിൽ ആരംഭിച്ചു.
കേരളത്തിലും തമിഴ്‌നാട്ടിലും കൊലപാതകം, മോഷണം ഉൾപ്പെടെ 53 കേസുകളിൽ പ്രതിയാണ് ബാലമുരുകൻ. 2023 സെപ്തംബർ മുതൽ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഒരു കേസുമായി ബന്ധപ്പെട്ട് ഇയാളെ തമിഴ്‌നാട് പൊലീസിന് കൈമാറിയിരുന്നു. തിരിച്ച് വിയ്യൂരിൽ എത്തിക്കുന്നതിടെ മൂത്രമൊഴിക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. പിന്നാലെ ഇയാളെ പുറത്തിറക്കുകയായിരുന്നു. മൂന്ന് പൊലീസുകാരും ഒപ്പമുണ്ടായിരുന്നു.
ഇതിനിടെയാണ് ഇവരെ തള്ളിമാറ്റി ബാലമുരുകൻ രക്ഷപ്പെട്ടത്. കഴിഞ്ഞവർഷവും ഇയാൾ വിയ്യൂർ ജയിലിന് മുന്നിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. തമിഴ്‌നാട്ടിൽ തെളിവെടുപ്പിനുശേഷം എത്തിച്ചപ്പോൾ പൊലീസുകാരെ തള്ളിമാറ്റി കടന്നുകളയുകയായിരുന്നു. അതേസമയം, തെരച്ചിലിനിടെ ബാലമുരുകനെ പൊലീസ് കണ്ടതായും വിവരമുണ്ട്. പുലർച്ചെ മൂന്നിന് ഹൗസിംഗ് കോളനിയിലാണ് കണ്ടത്. അവിടെനിന്ന് വീണ്ടും കാണാതാവുകയായിരുന്നു.
33 വയസിനിടെ അഞ്ച് കൊലക്കേസുകളിൽ ബാലമുരുകൻ പ്രതിയായി. വേഷം മാറി നടക്കുന്നതിൽ വിദഗ്ദ്ധനാണെന്ന് പൊലീസ് പറയുന്നു. തമിഴ്‌നാട് തെങ്കാശി സ്വദേശിയാണ്. വർഷങ്ങളോളം ഗുണ്ടാത്തലവനായി ജീവിച്ചു. തമിഴ്‌നാട്ടിൽ പൊലീസ് അന്വേഷണം ശക്തമാക്കിയതോടെയാണ് കേരളത്തിലേയ്ക്ക് കടന്നത്. മറയൂരിലെ മോഷണത്തിനിടെയാണ് പിടിയിലായത്. തനിക്കെതിരെ സാക്ഷി പറഞ്ഞ സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്.