driver

യുവ സംരംഭകനായ നവ് ഷാ അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഫിജിയിൽ കണ്ട 86 വയസുള്ള ഒരു ഊബർ ഡ്രെെവറെക്കുറിച്ചാണ് അദ്ദേഹം വീഡിയോയിൽ പറയുന്നത്. ഊബർ ഡ്രെെവർ മാത്രമല്ല സ്വന്തമായി നിരവധി കമ്പനികളുള്ള ഒരു ബിസിനസുകാരനാണ് ഇദ്ദേഹമെന്നും നവ് ഷാ പറയുന്നു.

എങ്ങനെയാണ് ചെലവുകൾ നോക്കുന്നതെന്ന് നവ് ഷാ ചോദിക്കുമ്പോൾ തനിക്ക് ഒരു കമ്പനി ഉണ്ടെന്നും അതിന്റെ വാർഷിക വിറ്റുവരവ് 175 ബില്യൺ ഡോളറാണെന്നും ഡ്രെെവർ പറയുന്നു. മാത്രമല്ല എല്ലാ വർഷവും 24 പെൺകുട്ടികളുടെ വിദ്യാഭ്യാസം താൻ സ്‌പോൺസർ ചെയ്യുന്നുണ്ടെന്നും ഊബർ ഓടിക്കുന്ന വരുമാനം കൊണ്ടാണ് അത് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

'മൂന്ന് പെൺമക്കളുടെ പിതാവാണ് ഞാൻ. അവർക്കെല്ലാം നല്ല വിദ്യാഭ്യാസം നൽകി. അവർ ഇപ്പോൾ വലിയ പദവികൾ വഹിക്കുന്നുണ്ട്. എന്റെ പെൺമക്കൾക്ക് കൊടുത്തത് പോലെ മറ്റ് പെൺകുട്ടികളെയും അവരുടെ സ്വപ്നത്തെ പിന്തുടരാൻ സഹായിക്കാൻ ഞാൻ ആഗ്രഹിച്ചു. അങ്ങനെയാണ് സ്‌പോൺസർ ചെയ്തത്. 13 ജുവലറി സ്റ്റോറുകളും ആറ് റെസ്റ്റോറന്റുകളും ഒരു സൂപ്പർ മാർക്കറ്റും എനിക്കുണ്ട്. എല്ലാം ഞാൻ ഒറ്റയ്ക്ക് തുടങ്ങിയതല്ല. 1929ൽ എന്റെ പിതാവ് വെറും അഞ്ച് പൗണ്ടുമായി ആരംഭിച്ച ബിസിനസാണ് ഇത്. യഥാർത്ഥ വിജയമെന്നത് നിങ്ങൾ എത്ര ഉയരം കീഴടക്കുന്നുയെന്നതിലല്ല. ആ യാത്രയിൽ നിങ്ങൾ എത്ര പേരെ കെെപിടിച്ചുയർത്തുന്നു എന്നതിൽ കൂടിയാണ്'- ഡ്രെെവർ പറഞ്ഞു. വളരെ പെട്ടെന്ന് തന്നെ വീഡിയോ വെെറലായി. നിരവധി പേരാണ് ലെെക്കും കമന്റുമായി എത്തുന്നത്.