balamurugan

തൃശൂർ: കുപ്രസിദ്ധ മോഷ്‌ടാവ് ബാലമുരുകൻ (45) പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ തമിഴ്‌നാട് പൊലീസിന് ഗുരുതര വീഴ്‌ച പറ്റിയെന്ന് കേരള പൊലീസ്. സംഭവത്തിൽ തമിഴ്‌നാട് പൊലീസിലെ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കും. തമിഴ്‌നാട് ബന്ദൽകുടി എസ്‌ഐ നാഗരാജനും മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെയാണ് കേസെടുക്കുക. തെളിവെടുപ്പിന് കൊണ്ടുപോയ പ്രതിയെ സ്വകാര്യ കാറിലാണ് തിരികെ എത്തിച്ചത്.

മാത്രമല്ല കൈവിലങ്ങണിയിക്കാതെയാണ് പ്രതിയെ പുറത്തുവിട്ടത്. ഇതെല്ലാം തമിഴ്‌നാട് പൊലീസിന്റെ ഗുരുതര വീഴ്‌ചയെന്നാണ് കണ്ടെത്തൽ. ബാലമുരുകൻ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട വിവരം ഒരു മണിക്കൂർ തമിഴ്‌നാട് പൊലീസ് മറച്ചുവച്ചു. ഇന്നലെ രാത്രി 9.40ന് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും 10.40നാണ് വിയ്യൂർ പൊലീസിനെ വിവരം അറിയിച്ചത്. തമിഴ്‌നാട് പൊലീസ് നടത്തിയ തെരച്ചിലിലും കണ്ടെത്താനായില്ല. നിലവിൽ ബാലമുരുകനെ കണ്ടെത്താനുള്ള വ്യാപക തെരച്ചിലിലാണ് കേരള പൊലീസ്.

കവർച്ച, കൊലപാതക ശ്രമം ഉൾപ്പെടെ 53 കേസുകളിൽ പ്രതിയായ ബാലമുരുകൻ കഴിഞ്ഞ മേയിലും സമാനമായ രീതിയിൽ തമിഴ്‌നാട് പൊലീസ് വാഹനത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. മോഷ്‌ടിച്ച ബൈക്കിലാണ് അന്ന് രക്ഷപ്പെട്ടത്. രക്ഷപ്പെട്ട പ്രതി ബൈക്കുമായി കടന്നുകളയാനുള്ള സാദ്ധ്യതയുള്ളതിനാൽ തൃശൂരിൽ ആരും ബൈക്കിൽ താക്കോൽ വച്ച് പോകരുതെന്ന നിർദേശവുമുണ്ട്. എവിടെയെങ്കിലും ബൈക്ക് മോഷണം റിപ്പോർട്ട് ചെയ്‌താൽ ഉടനെ പൊലീസിനെ വിവരം അറിയിക്കണമെന്നും നിർദേശമുണ്ട്.

ബാലമുരുകനെ കാണാതാകുന്ന സമയം കറുപ്പ് നിറത്തിലുള്ള ഷർട്ടും വെള്ള മുണ്ടുമായിരുന്നു വേഷം. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വിയ്യൂർ എസ്‌എച്ച്‌ഒയുടെ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. 9497947202