
അബുദാബി: യുഎഇ അബുദാബി ബിഗ് ടിക്കറ്റിൽ വീണ്ടും വിജയിയായി ഇന്ത്യൻ പ്രവാസി. ഒക്ടോബറിലെ വിജയിയെയാണ് ഇന്നലെ നടന്ന നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. 25 മില്യൺ ദിർഹമാണ് (602,863,730 രൂപ) സമ്മാനത്തുക. അബുദാബിയിൽ താമസിക്കുന്ന ചെന്നൈ സ്വദേശിയായ ശരവണൻ വെങ്കടാചലം (44) ആണ് നറുക്കെടുപ്പിൽ 463221 നമ്പർ ടിക്കറ്റിലൂടെ ഒന്നാം സമ്മാനത്തിനർഹനായത്.
സഹപ്രവർത്തകനിൽ നിന്നാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിനെക്കുറിച്ച് ശരവണൻ അറിഞ്ഞത്. അഞ്ച് വർഷം മുൻപ് ടിക്കറ്റ് വാങ്ങിത്തുടങ്ങി. ആദ്യം നിരാശയായിരുന്നു ഫലമെങ്കിലും പ്രതീക്ഷ കൈവിട്ടില്ലെന്ന് ശരവണൻ വെളിപ്പെടുത്തി.
'ജോലി ചെയ്യുകയായിരുന്നതിനാൽ ഫോൺ 'ഡു നോട്ട് ഡിസ്റ്റർബ്' മോഡിൽ ആയിരുന്നു. പിന്നീട് വാഹനം ഓടിക്കുകയായിരുന്നു. അതിനാൽതന്നെ ബിഗ് ടിക്കറ്റ് ടീമിൽ നിന്നുള്ള കോളുകളൊന്നും എടുക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് വീട്ടുകാരും സുഹൃത്തുക്കളും വിളിക്കാൻ തുടങ്ങിയപ്പോഴാണ് എന്തോ വലിയ കാര്യം സംഭവിച്ചതായി മനസിലായത്. കേട്ടിട്ട് ആദ്യം വിശ്വസിക്കാൻ സാധിച്ചില്ല. എങ്ങനെ പ്രതികരിക്കണം എന്നറിയില്ലായിരുന്നു.
വലിയ സന്തോഷം തോന്നുന്നു. സമ്മാനത്തുക എങ്ങനെ ചെലവഴിക്കണം എന്നുള്ളത് കുടുംബവുമായി കൂടിയാലോചിക്കും. ഒരു ഭാഗം കുഞ്ഞിന്റെ പഠനത്തിനായി ചെലവഴിക്കും. ബാക്കി തുക ബുദ്ധിപരമായി ചെലവഴിക്കാനാണ് ആലോചന. സംഘം ചേർന്ന് ടിക്കറ്റ് വാങ്ങുന്നവരും ധാരാളമുണ്ട്. ഞാനും അത് പരീക്ഷിച്ചുണ്ട്. നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള മികച്ച മാർഗമാണത്. ഒറ്റയ്ക്ക് ടിക്കറ്റ് വാങ്ങാൻ കഴിയില്ലെങ്കിൽ തീർച്ചയായും സുഹൃത്തുക്കൾക്കൊപ്പം നറുക്കെടുപ്പിൽ പങ്കെടുക്കുക'- ശരവണൻ വ്യക്തമാക്കി.