
പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ പേടി തോന്നുന്ന നിരവധി പേരുണ്ട്. പാമ്പ് കടിയേറ്റുള്ള ഒരുപാട് മരണങ്ങളും നമ്മുടെ നാട്ടിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഉഗ്രവിഷമുള്ള രാജവെമ്പാലയുടെയും മൂർഖന്റെയും അണലിയുടെയും പ്രത്യേകതകളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ റോഷ്നി. ഒരു യൂട്യൂബ് ചാനലിന് മുമ്പ് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഉപദ്രവിച്ചാൽ മാത്രമേ മൂർഖൻ പാമ്പ് കടിക്കുകയുള്ളൂവെന്ന് റോഷ്നി വ്യക്തമാക്കി. മൂർഖനെ കണ്ടാൽ അതിനെ ഉപദ്രവിക്കാതെ മാറിപ്പോകുന്നതാണ് ഏറ്റവും നല്ലത്. അതിനെ ഉപദ്രവിച്ചാൽ അതും ഉപദ്രവിക്കും.
'പ്രകോപനമുണ്ടാകാതെ ഒരിക്കലും മൂർഖൻ പാമ്പ് ഉപദ്രവിക്കില്ല. അറിയാതെ ചവിട്ടിപ്പോകും. അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിൽ ഉപദ്രവിക്കുമ്പോഴാണ് അത് കടിക്കുന്നത്. അല്ലെങ്കിൽ മൂർഖൻ ഒരിക്കലും കടിക്കില്ല. രണ്ട് തരം കടി ഉണ്ട്. വിഷം ഇൻജക്ട് ചെയ്തുകൊണ്ട് ബൈറ്റ് ചെയ്യും ഡ്രൈ ബൈറ്റുമുണ്ട്. നമ്മളെ പേടിപ്പിക്കാൻ വേണ്ടി പത്തി വിടർത്തി കൊത്തുന്നതുപോലെ കാണിക്കുന്നതാണ് ഡ്രൈ ബൈറ്റ്. അതിന് അത്രയും ബുദ്ധിമുട്ടുണ്ടായാൽ മാത്രമേ വെനം ഇൻജക്ട് ചെയ്ത് ബൈറ്റ് ചെയ്യുകയുള്ളൂ.
അണലി വേറൊരു രീതിയാണ്. അത്രയും പേടിക്കണം. വാലിന്റെ ഭാഗത്ത് നിന്നാൽ 360 ഡിഗ്രി തിരിഞ്ഞുവന്ന് കടിക്കാനുള്ള കഴിവ് അണലിക്കുണ്ട്. ചാടിയെഴുന്നേറ്റ് കടിക്കും. ഏറ്റവും നീളം കൂടിയ വിഷപ്പല്ല് അണലിക്കാണുള്ളത്. ഒരു കടിയിൽ തന്നെ കൂടുതൽ വെനം ശരീരത്തിനുള്ളിൽ കയറും. മൂർഖൻ വിഷമുള്ളതാണെങ്കിലും വളരെ വേഗത്തിൽ ആന്റിവെനം ചെയ്തുകഴിഞ്ഞാൽ വലിയ പ്രശ്നമില്ല.
മൂർഖൻ പത്തിയെടുത്ത് നിൽക്കുമ്പോൾ അതിന് മുമ്പിൽ ഏന്താണോ ചലിക്കുന്നത്, അതാണ് ഫോക്കസ് ചെയ്യുന്നത്. രാജവെമ്പാലയ്ക്ക് ഇന്ത്യയിൽ ആന്റിവെനം ഇല്ല. കടിയേറ്റാൽ പതിനഞ്ച് മിനിട്ടിനുള്ളിൽ മരിക്കും. രാജവെമ്പാല ഉൾവനങ്ങളിൽ താമസിക്കുന്നതാണ്. രാജവെമ്പാലയുടെ കടിയേറ്റ് മരിക്കുന്നതും വളരെ കുറവാണ്. '- റോഷ്നി വ്യക്തമാക്കി.