
മലയാള സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന. സിഐഡി മൂസ, നമ്മൾ, ചോട്ടാ മുംബയ് തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ ഭാവന ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. അന്യഭാഷാ ചിത്രങ്ങളിലും ഏറെ ശ്രദ്ധേയയാണ് താരം. ഇടയ്ക്ക് ഒരു ഇടവേളയെടുത്തെങ്കിലും ഇപ്പോൾ നടി വീണ്ടും സജീവമാണ്. സിനിമാ ലോകത്ത് ഭാവനയ്ക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. മഞ്ജു വാര്യർ, രമ്യ നമ്പീശൻ തുടങ്ങിയവരെല്ലാം ഭാവനയുടെ അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോഴിതാ ഇവരെക്കുറിച്ച് ഒരു അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് നടി.
'എനിക്ക് കുറച്ച് നല്ല ഫ്രണ്ട്സുണ്ട്. ശില്പ, സയനോര, രമ്യ, മഞ്ജു ചേച്ചി, സംയുക്ത ചേച്ചി, മൃദുല, ഗീതു ചേച്ചി എന്നിവരെല്ലാം നല്ല ഫ്രണ്ട്സാണ്. ഇടയ്ക്കിടെ സംസാരിച്ചില്ലെങ്കിലും എനിക്കുവേണ്ടി അവരുണ്ടാകുമെന്ന് അറിയാം. അവർക്കും അറിയാം. പക്ഷേ, എന്തെങ്കിലും വിഷമം വന്നാൽ ഞാൻ ആരെയും വിളിക്കില്ല. പ്രശ്നം വന്നാൽ ഞാനാരോടും ഒന്നും പറയാതെ ഒതുങ്ങിക്കൂടും. ഫ്രണ്ട്സ് ചോദിക്കും ആർയു ഓക്കെ എന്നൊക്കെ. ഇപ്പോൾ അവർക്കറിയാം ഞാനെങ്ങനെയാണെന്ന്.
ഇപ്പോൾ ഞാനിങ്ങനെ ആയതാണോ മുമ്പും ഇങ്ങനെയായിരുന്നോ എന്നൊന്നും എനിക്ക് ഓർമയില്ല. ചിലപ്പോൾ വാട്സാപ്പ് ഉണ്ടാകാറില്ല. റീച്ചബിൾ ആയിരിക്കില്ല. പ്രശ്നത്തിൽ നിന്ന് പുറത്ത് വരുമ്പോൾ ചിലപ്പോൾ പറയും. സോഷ്യൽ മീഡിയയിൽ ആദ്യം എനിക്കൊരു പ്രൈവറ്റ് അക്കൗണ്ടായിരുന്നു ഉള്ളത്. കുറേ ഫേക്ക് ന്യൂസുകൾ വരും. ഡിവോഴ്സ് ആയി എന്നെല്ലാം. ഇതിലെല്ലാം വ്യക്തത വരുത്താനാണ് സുഹൃത്തുക്കൾ പറഞ്ഞിട്ട് ഇൻസ്റ്റഗ്രാമിൽ ഒരു ഒഫീഷ്യൽ അക്കൗണ്ട് തുടങ്ങിയത്. ചില സമയത്ത് ഭയങ്കര ആക്ടീവ് ആയിരിക്കും. ചിലപ്പോൾ ഒന്നുമുണ്ടാകില്ല. കമന്റുകൾ ഇടയ്ക്ക് നോക്കാറുണ്ട് ' - ഭാവന പറഞ്ഞു.