
കഞ്ചിക്കോട്: സ്പിരിറ്റ് ഒഴുകിയ, ചന്ദന ലോറികളുടെ പ്രയാണങ്ങൾക്ക് സാക്ഷ്യം വഹിച്ച, കഞ്ചാവ് കടത്തിന് കുപ്രസിദ്ധിയാർജ്ജിച്ച തമിഴ് അതിർത്തി ഗ്രാമത്തിലൂടെ ഇപ്പോൾ കൂടുതലായി കടന്ന് വരുന്നത് റേഷനരി. തമിഴ്നാട് സർക്കാർ പാവപ്പെട്ടവർക്ക് തുച്ഛമായ വിലയ്ക്ക് നൽകുന്ന റേഷനരിയാണ് വാളയാർ അതിർത്തി കടന്നെത്തുന്നത്.
സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന അരി മാഫിയക്ക് വേണ്ടിയാണ് ഏജന്റുമാർ ഇവിടെ അരികടത്തുന്നത്. പൗഡറുകൾ കലർത്തി പോളീഷ് ചെയ്ത് റേഷനരിയെ പാലക്കാടൻ മട്ടയും വെള്ളപ്പൊന്നിയും ആക്കി മാറ്റുന്നവർ വാളയാറിൽ വന്നാണ് തമിഴ്നാട് റേഷനരി ശേഖരിക്കുന്നത്. ഈ റേഷനരി ഉയർന്ന വിലയ്ക്ക് മാർക്കറ്റുകളിൽ വിറ്റഴിക്കുന്നതിന് പുറമെ വിദേശത്തേക്ക് കയറ്റുമതിയും ചെയ്യുന്നതായാണ് വിവരം. പാവപ്പെട്ടവർക്ക് സർക്കാർ നൽകുന്ന ഭക്ഷ്യധാന്യം അവരിലെക്കെത്തുന്നില്ലെന്ന് മാത്രമല്ല ഇവ ഉയർന്ന വിലയ്ക്ക് സാധാരണ ഉപഭോക്താക്കൾക്ക് വാങ്ങേണ്ടിയും വരുന്നു.
തമിഴ്നാട് റേഷനരി സൂക്ഷിക്കുന്ന നിരവധി രഹസ്യ ഗോഡൗണുകൾ വാളയാർ മേഖലയിലുണ്ട്. ട്രെയിനിലൂടെയാണ് കൂടുതലായി അരി കടത്ത് നടക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്നും അരിച്ചാക്കുകൾ തല ചുമടായി കൊണ്ടുപോകുന്നത് പതിവ് കാഴ്ചയാണ്. ബസുകൾ വഴിയും അരി കൊണ്ടുവരുന്നുണ്ട്. ഊട് വഴികളിലൂടെ സ്വകാര്യ വാഹനങ്ങളിലും അരി കടത്തുന്നുണ്ട്.
തുച്ഛമായ വിലയ്ക്ക് കിട്ടുന്ന അരിക്ക് അതിർത്തി കടക്കുന്നതോടെ വില പതിന്മടങ്ങ് വർദ്ധിക്കും. കോടികൾ ലാഭം കൊയ്യുന്ന കച്ചവടമായി അരി കടത്ത് മാറിയിരിക്കുകയാണ്. തമിഴ്നാട്ടിൽ നിന്നും അതിർത്തി കടത്തി കഴിഞ്ഞാൽ പിന്നീട് പരിശോധനകൾ ഭയക്കേണ്ടതില്ലെന്നതിനാൽ ആദ്യം അരി വാളയാറിലെ ഗോഡൗണുകളിൽ എത്തിക്കുകയാണ് ചെയ്യുന്നത്. ഇവിടെ നിന്നും സൗകര്യാർത്ഥം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ലോറികളിൽ കൊണ്ടുപോവുകയാണ് പതിവ്. പൊലീസ് സംവിധാനം ലഹരി വേട്ടയുടെ പിറകിലായതും ഇവർക്ക് അനുകൂല ഘടകമായി മാറി. ചരക്ക് ലോറികൾ മാത്രമെ പരിശോധിക്കപ്പെടുന്നുള്ളു. ട്രെയിൻ മാർഗവും ബസ് വഴിയും കൊണ്ടുവരുന്നത് ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. ഊടുവഴികളിലൂടെ വരുന്ന അരിയും ആരുമറിയാതെ ഗോഡൗണുകളിലെത്തുന്നു.