
തിരുവനന്തപുരം: 2025ലെ പി.കെ.പരമേശ്വരൻനായർ സ്മാരക ട്രസ്റ്റ് പുരസ്കാരം ഡോ. ദീപേഷ് കരിമ്പുങ്കരയ്ക്കലിനും കെ.എം.നരേന്ദ്രനും. 'കാവ്യരൂപന്റെ കാല്പാടുകൾ" എന്ന കൃതിയാണ് ഡോ. ദീപേഷിനെ ജീവചരിത്രപുരസ്കാരത്തിന് അർഹനാക്കിയത്. 25,000 രൂപയും പ്രശസ്തിഫലകവും അടങ്ങിയതാണ് പുരസ്കാരം.
കെ.എം.നരേന്ദ്രൻ രചിച്ച 'ഇന്നു ഭാഷയിതപൂർണ്ണം" എന്ന പുസ്തകം എസ്.ഗുപ്തൻ നായർ സ്മാരകസാഹിത്യനിരൂപണ പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടു. 20,000 രൂപയും പ്രശസ്തിഫലകവും ആണ് സമ്മാനം.
25ന് വൈകിട്ട് 5ന് പ്രൊഫ. എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ നടക്കുന്ന 34-ാം വാർഷികസമ്മേളനത്തിൽ കവി പ്രൊഫ. വി.മധുസൂദനൻനായർ പുരസ്കാരം നൽകും. ഡോ. എ.എം.ഉണ്ണിക്കൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. പി.കെ.പരമേശ്വരൻനായർ സ്മാരക ഗ്രന്ഥാവലിയിലെ 34-ാമത് പുസ്തകമായ 'നവസംസ്കാര സിദ്ധാന്തങ്ങളു"ടെ പ്രകാശനവും അദ്ദേഹം നിർവഹിക്കും. രാവിലെ 10 മുതൽ 'സാഹിത്യചരിത്ര പ്രത്യവലോകനം" എന്ന വിഷയത്തിൽ ചർച്ചാസമ്മേളനവും നടക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് ഡോ. എ.എം.ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.