
സാംസ്കാരിക മന്ത്രി സജി ചെറിയാൻ ആളൊരു തമാശക്കാരനായാണ് പൊതുവെ അറിയപ്പെടുന്നത്. തമാശകൾ അതിരുവിട്ട് കളികാര്യമായെന്ന് പറയുംപോലെ വാരിക്കുഴിയിൽ പോയി ചാടിയ അനുഭവങ്ങളുമുണ്ട്. ഭരണഘടനയെ വിമർശിച്ച അദ്ദേഹം, അതിൽ 'കുന്തവും കൊടച്ചക്രവും'ഒക്കെ ഉണ്ടെന്ന് പറഞ്ഞതിന് ഒരിക്കൽ മന്ത്രി സ്ഥാനം തന്നെ പോയതാണ്. പിന്നെ വീണ്ടും മന്ത്രിയായെങ്കിലും വിടുവായത്തവും മറ്റുള്ളവർക്ക് ദഹിക്കാത്തതുമായ തമാശകൾ പറയുന്നതിൽ നിന്ന് പിന്നാക്കം പോയിട്ടില്ല. ഇടയ്ക്കിടെ അദ്ദേഹം ഇത്തരം തമാശകൾ പറഞ്ഞു കൊണ്ടേയിരിക്കും. സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ ചെയർമാൻ സ്ഥാനത്തു നിന്ന് നടൻ പ്രേംകുമാറിനെ അദ്ദേഹം പോലും അറിയാതെ രായ്ക്ക്‌രാമാനം മാറ്റി ഓസ്ക്കാർ ജേതാവ് റസൂൽ പൂക്കുട്ടിയെ ആ സ്ഥാനത്ത് അവരോധിച്ചതാണ് സജിചെറിയാന്റെ ഒടുവിലത്തെ തമാശ. എന്നാൽ പ്രേംകുമാർ ഈ വിവരം അറിഞ്ഞ് വല്ലാതെ വിഷമിച്ചെങ്കിലും അദ്ദേഹം പരസ്യപ്രകടനത്തിനൊന്നും തയ്യാറായില്ല. ശരവേഗത്തിലുള്ള സ്ഥാനമാറ്റം നടക്കുമ്പോൾ വകുപ്പ് മന്ത്രിയായ സജി ചെറിയാൻ 'ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ' എന്ന മട്ടിൽ വിദേശ യാത്രയിലായിരുന്നു. തന്നെ രായ്ക്ക് രാമാനം മാറ്റാതെ ഒരറിയിപ്പെങ്കിലും തന്നിട്ട് മാറ്റാമായിരുന്നു എന്നൊരഭിപ്രായം പ്രേംകുമാർ പങ്കുവച്ചത് മാദ്ധ്യമചർച്ചകൾക്ക് വഴിവച്ച വേളയിലാണ് സജിചെറിയാൻ വിദേശത്തുനിന്ന് മടങ്ങിയെത്തിയത്. മന്ത്രിയോട് മാദ്ധ്യമ പ്രവർത്തകർ ഇക്കാര്യം ചോദിച്ചപ്പോൾ മാത്രമാണ് പ്രേംകുമാറിനെ മാറ്റി റസൂൽ പൂക്കുട്ടിയെ തൽസ്ഥാനത്ത് പ്രതിഷ്ഠിച്ച കാര്യം അറിഞ്ഞതെന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്ത് പുതിയ ചെയർമാനായി റസൂൽ പൂക്കുട്ടിയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിൽ ഒപ്പുവച്ച ശേഷമാണ് അദ്ദേഹം വിദേശത്തേക്ക് വിമാനം കയറിയതെന്നത് ഏവർക്കും അറിവുള്ളതാണ്. പ്രേംകുമാറിനെ തിരക്കിട്ട് മാറ്റുന്നുവെന്ന കാര്യം അറിയിക്കേണ്ടത് അക്കാഡമി ഭാരവാഹികളാണെന്നും അവർ അങ്ങനെ ചെയ്തിട്ടുണ്ടാകുമെന്നാണ് താൻ കരുതിയതെന്നും പറഞ്ഞ് അദ്ദേഹം പന്ത് അക്കാഡമിയിലെ ഉദ്യോഗസ്ഥരുടെ കോർട്ടിലേക്ക് തട്ടിയിടുകയായിരുന്നു. ഫലത്തിൽ പ്രേംകുമാറിനെ മുന്നറിയിപ്പില്ലാതെ മാറ്രിയതിന്റെ പാപഭാരം മുഴുവൻ ഉദ്യോഗസ്ഥരുടെ ചുമലിലേക്ക് വച്ചുകൊടുത്തു.
പ്രേംകുമാറിനെ എന്തിന് മാറ്റി ?
ഹാസ്യരസ പ്രധാനമായ കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ച് പ്രശസ്തനായ നടനാണ് പ്രേംകുമാർ. നായകതുല്യമായ നിരവധി വേഷങ്ങൾ ചെയ്ത അദ്ദേഹം മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചതിനു പുറമെ നല്ലൊരു എഴുത്തുകാരനും പ്രാസംഗികനുമായി പേരെടുക്കുകയും ചെയ്തു. ചലച്ചിത്ര അക്കാഡമിയുടെ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് അദ്ദേഹത്തെ ഇടതുസർക്കാർ നിയമിച്ചത് അദ്ദേഹത്തിന്റെ ഇടതുപക്ഷ അനുഭാവം കൂടി കണക്കിലെടുത്തായിരുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തായിരുന്നു ചെയർമാൻ. എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ അപ്രതീക്ഷിതമായി രഞ്ജിത്തിനെതിരെ ലൈംഗികാരോപണം ഉയർന്നപ്പോൾ അദ്ദേഹം രാജിവയ്ക്കാൻ നിർബ്ബന്ധിതനായി. തുടർന്നാണ് ആ സ്ഥാനത്തേക്ക് പ്രേംകുമാറിനെ ചെയർമാനായി നിയമിച്ചത്. സിനിമ മേഖലയിലെ പല വമ്പന്മാരും നോട്ടമിട്ടിരുന്ന സ്ഥാനമാണ് പ്രേംകുമാറിന് ലഭിച്ചത്. വൈസ് ചെയർമാനായിരിക്കെ തന്നെ അക്കാഡമിയുടെ പ്രവർത്തനങ്ങളിൽ ആത്മാർത്ഥതയോടെ പ്രവർത്തനമികവ് കാട്ടിയ പ്രേംകുമാർ അന്തർദ്ദേശീയ ചലച്ചിത്രമേളയടക്കം കുറ്റമറ്റ രീതിയിൽ സംഘടിപ്പിച്ച് മികവ് തെളിയിച്ചു. അടുത്തിടെ നടന്ന സിനിമ കോൺക്ളേവും മികവുറ്റ വിധം സംഘടിപ്പിച്ച് അടുത്തയാഴ്ച നടക്കാനിരിക്കുന്ന അന്തർദ്ദേശീയ ഫിലിംഫെസ്റ്റിവലിന്റെ സംഘാടനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കെയാണ് പെട്ടെന്ന് മാറ്രിയത്.
ഔദ്യോഗികമായി അറിയിച്ചില്ല
മൂന്നരവർഷക്കാലം അക്കാഡമിയിൽ സത്യസന്ധമായും ആത്മാർത്ഥമായും പ്രവർത്തിക്കുന്നതിനിടെ ചുമതലയിൽ നിന്നു മാറ്റുമ്പോൾ ഔദ്യോഗികമായി അറിയിക്കണമായിരുന്നുവെന്ന് പ്രേംകുമാർ പറഞ്ഞു. പദവി കൈമാറുമ്പോൾ നിലവിലെ ചെയർമാന്റെ സാന്നിദ്ധ്യം വേണമായിരുന്നു. ആശമാരുടെ സമരത്തെ താൻ പിന്തുണച്ചതിന്റെ പേരിലാണ് തന്നെ മാറ്റിയതെന്നത് ശരിയല്ല. സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബിയും മന്ത്രി സജിചെറിയാനുമൊക്കെ പങ്കെടുത്ത യോഗത്തിൽ ആശമാരുടെ സമരം പരിഹരിക്കാൻ ഇടപെടണമെന്ന് പറഞ്ഞിരുന്നു. കലാകാരനെന്ന നിലയിൽ മാനുഷികമായ കാര്യമാണ് പറഞ്ഞത്. മാറ്റുന്നത് സർക്കാരിന്റെ അധികാരമാണ്. എനിക്ക് അതിൽ പരാതിയില്ല. ഒരറിയിപ്പ് മാത്രമേ താൻ പ്രതീക്ഷിച്ചുള്ളു. ഇനി സിനിമയിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചാൽ അപ്പോൾ നോക്കും. ദൈവനിയോഗമെന്ന് കരുതി മുന്നോട്ട് പോകുന്നയാളാണ് താനെന്നും പ്രേംകുമാർ പറഞ്ഞു. എന്നാൽ പ്രേംകുമാറിനെ മാറ്റിയത് അപ്രതീക്ഷിതമല്ലെന്നും ഇപ്പോഴത്തെ ഭരണസമിതിയുടെ കാലാവധി കഴിഞ്ഞിട്ട് 6 മാസമായെന്നുമാണ് ചലച്ചിത്ര അക്കാഡമിയുമായി ബന്ധപ്പെട്ടവർ പറയുന്നത്. ചെയർമാൻ സ്ഥാനത്തേക്ക് റസൂൽ പൂക്കുട്ടിയുടെ പേര് രണ്ട് മാസം മുമ്പേ പരിഗണനയിൽ വന്നതാണ്. നിലവിലെ ഭരണസമിതി പുനസംഘടിപ്പിച്ചപ്പോൾ കുക്കുപരമേശ്വരനെയും സി.പി.ഐ പ്രതിനിധിയായ എൻ. അരുണിനെയും മാത്രമാണ് നിലനിർത്തിയത്. മറ്റെല്ലാവരെയും ഒഴിവാക്കി. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ സോഹൻലാലിനെയും സന്തോഷ് കീഴാറ്റൂരിനെയും നിലനിർത്തി. പുതിയ ചെയർമാൻ ചുമതലയേൽക്കുമ്പോൾ സ്ഥാനമൊഴിയുന്ന ചെയർമാന്റെ സാന്നിദ്ധ്യം വേണമെന്ന കീഴ്വഴക്കമൊന്നുമില്ല. കഴിഞ്ഞ ചെയർമാനായി രഞ്ജിത്ത് ചുമതലയേൽക്കുമ്പോൾ സ്ഥാനമൊഴിഞ്ഞ ചെയർമാൻ കമൽ എത്തിയിരുന്നില്ലെന്നും അക്കാഡമി അധികൃതർ പറഞ്ഞു.
മല്ലിക സാരാഭായിയെ
മാറ്റാത്തതെന്ത് ?
ആശമാരുടെ സമരത്തെ പിന്തുണച്ചതിന്റെ പേരിലാണ് പ്രേംകുമാറിനെ ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്തു നിന്ന് മാറ്റിയതെന്നാണ് പറയപ്പെടുന്നതെങ്കിൽ ഇതിനെക്കാർ രൂക്ഷമായി സർക്കാരിനെതിരെ പ്രതികരിച്ച കേരള കലാമണ്ഡലം കൽപ്പിത സർവകലാശാലയുടെ ചാൻസലർ സ്ഥാനത്തുനിന്ന് നർത്തകി കൂടിയായ മല്ലികാ സാരാഭായിയെ എന്ത്കൊണ്ട് മാറ്റുന്നില്ലെന്ന ചോദ്യം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യാതൊരു യോഗ്യതയുമില്ലാത്ത പാർട്ടിക്കാരെ നിയമിക്കുന്നതുമൂലം കലാമണ്ഡലത്തിന്റെ പ്രവർത്തനം തന്നെ അവതാളത്തിലായെന്ന് മല്ലികാസാരാഭായി ആരോപിച്ചത് കഴിഞ്ഞയാഴ്ചയാണ്. അവിടത്തെ ഓരോ ഉദ്യോഗസ്ഥനും 50 വർഷം പിന്നിലാണ്. അവരുടെ പിടിപ്പ്കേട് മൂലം വികസന പദ്ധതികൾ പാളുന്നു. ഇംഗ്ളീഷും കമ്പ്യൂട്ടർ ഉപയോഗവും അറിയാത്ത ഉദ്യോഗസ്ഥർക്ക് ഇംഗ്ളീഷിൽ ഒരു ഇ മെയിൽ പോലും അയക്കാനറിയില്ലെന്ന ഗുരുതരമായ ആരോപണവും അവർ ഉന്നയിച്ചു. മല്ലികയുടെ ആരോപണത്തിന് സാംസ്ക്കാരിക മന്ത്രി സജി ചെറിയാൻ തന്റെ സ്വതസിദ്ധമായ തമാശയിൽ പറഞ്ഞ മറുപടിയാണ് അതിലേറെ രസകരം. കലാമണ്ഡലത്തിൽ പാട്ടും നൃത്തവുമല്ലാതെ ഇ മെയിൽ അയക്കുന്നതെന്തിനെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഗുജറാത്ത് സ്വദേശിനിയായ മല്ലിക ബി.ജെ.പിയെയും അവിടത്തെ സർക്കാരിനെയും മുഖം നോക്കാതെ രൂക്ഷമായി വിമർശിച്ചുവെന്നതായിരുന്നു കലാമണ്ഡലം സർവകലാശാലയുടെ ചാൻസലറാക്കി ക്ഷണിച്ചുകൊണ്ടുവരാൻ സംസ്ഥാന സർക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് അന്ന് പറഞ്ഞു കേട്ടത്. എന്നാൽ സംസ്ഥാന സർക്കാരിന്റെ സാംസ്ക്കാരിക വകുപ്പിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും അവർക്കെതിരെ ഒരു വിമർശനം പോലും നടത്താൻ ആരും തയ്യാറാകാത്തതെന്തെന്ന ചോദ്യമാണുയരുന്നത്.