
ആലപ്പുഴ: ജില്ലയിലൂടെ കടന്നുപോകുന്ന ബൈപ്പാസിന്റെ 63ാം നമ്പർ തൂണിന് സമീപത്തുള്ളവർ ഓരോ ദിവസവും കഴിയുന്നത് ഭയന്നുവിറച്ചാണ്. ഈ തൂണിന് മുകളിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോഴുണ്ടാകുന്ന ഉഗ്ര ശബ്ദമാണ് കാരണം. രണ്ട് ഗർഡറുകൾ ചേരുന്ന ഭാഗത്ത് നിന്നാണ് ഭീകര ശബ്ദം ഉയരുന്നത്. ഈ ഗർഡറുകൾ യോജിപ്പിച്ച ഭാഗത്ത് ഒരു വിടവ് കാണാം. ഇതുവഴിയാണ് ശബ്ദം കേൾക്കുന്നത്.
ശബ്ദം രൂക്ഷമായതോടെ തൂണിന് താഴെയുള്ള ഭാഗത്ത് കൂടെ പോകാൻ പോലും ആളുകൾ മടിക്കുകയാണ്. ആലപ്പുഴ വെസ്റ്റ് വില്ലേജ് ഓഫിസിന്റെ പഴയ കെട്ടിടത്തിന് മുൻവശത്തുള്ള റോഡിന്റെ കിഴക്ക് ഭാഗത്തുള്ള തൂണിൽ നിന്നാണ് വലിയ ശബ്ദം കേൾക്കുന്നത്. ശബ്ദം ഒരു മാസത്തോളമായി കേൾക്കുന്നെന്ന് നാട്ടുകാർ പറയുന്നു.
കണ്ടെയിനറുകൾ പോലുള്ള വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ശബ്ദം ഇരട്ടിയാകുന്നു. ഇതുകാരണം ഉറങ്ങാൻ പോലും കഴിയുന്നില്ലെന്ന് പരിസരവാസികൾ പറയുന്നു. ശബ്ദത്തിന്റെ കാരണം എന്താണെന്ന് അറിയാൻ ദേശീയപാത അതോറിറ്റി എഞ്ചിനിയറിംഗ് വിഭാഗത്തെ ബന്ധപ്പെട്ടെങ്കിലും വിശദീകരണം ലഭിച്ചില്ല.