
നിയമസഭ പാസാക്കിയ ഏക കിടപ്പാട സംരക്ഷണ ബില്ലും സേവനാവകാശ ബില്ലും ഗവർണർ ഒപ്പുവച്ചതോടെ രണ്ട് ചരിത്ര നിയമങ്ങളാണ് കേരളത്തിൽ പ്രാബല്യത്തിൽ വന്നത്. ഈ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലെ പ്രധാന രണ്ടു തീരുമാനങ്ങളായിരുന്നു അതിദാരിദ്ര്യ വിമുക്തമാക്കലും ഏക കിടപ്പാട സംരക്ഷണ നിയമ നിർമ്മാണവും. അത്യാവശ്യ കാര്യങ്ങൾക്കായി വായ്പയെടുത്ത്, തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ തിരിച്ചടവ് മുടങ്ങി ഒരേയൊരു കിടപ്പാടം ജപ്തിചെയ്യപ്പെടുമ്പോൾ നിസഹായതയോടെ തെരുവിലേക്ക് ഇറങ്ങേണ്ടി വരുന്നവരുടെ കാഴ്ച ആരെയും വേദനിപ്പിക്കുന്നതായിരുന്നു.
കേന്ദ്ര സർഫാസി നിയമത്തിൽ, ഒരു ലക്ഷം രൂപയ്ക്കു മുകളിൽ വായ്പയെടുത്തവരെയെല്ലാം ഒരേപോലെയാണ് കാണുന്നത്. ഒരു ലക്ഷം കോടി രൂപ വായ്പയെടുത്തവരെ, ബാദ്ധ്യത എഴുതിത്തള്ളി ബാങ്കുകൾ സഹായിക്കുമെങ്കിലും സാധാരണക്കാർക്ക് പെരുവഴി മാത്രമാണ് ശരണം. ഒന്നാം പിണറായി സർക്കാരിന്റെ സമയത്ത് സർഫാസി നിയമം ഭേദഗതി ചെയ്യണമെന്നും സഹകരണ ബാങ്കുകളെ ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും പ്രമേയത്തിലൂടെ നിയമസഭ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സർഫാസി നിയമത്തിന്റെ പ്രശ്നങ്ങൾ പഠിച്ച് ശുപാർശ ചെയ്യാൻ നിയമസഭാ സമിതിയെ നിയോഗിക്കുകയും ചെയ്തു. ശുപാർശകളുടെ അടിസ്ഥാനത്തിൽ നിവേദനം നൽകിയെങ്കിലും അനുകൂല നടപടികളൊന്നും ഉണ്ടായില്ല.
ഈ പശ്ചാത്തലത്തിലാണ് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഏക കിടപ്പാട സംരക്ഷണ നിയമം കൊണ്ടുവരുമെന്ന് പ്രകടനപത്രികയിൽ ഇടതു മുന്നണി പ്രഖ്യാപിച്ചത്. നേരത്തേ സൂചിപ്പിച്ചതുപോലെ ആദ്യ മന്ത്രിസഭാ യോഗം ഇക്കാര്യം പഠിക്കുന്നതിന് ഒരു സീനിയർ അഭിഭാഷകൻ കൂടി ഉൾപ്പെടുന്ന കമ്മിറ്റിയെ നിയോഗിച്ചു. ഭരണഘടനയിലെ യൂണിയൻ ലിസ്റ്റിലാണ് ബാങ്കിംഗ് ഉൾപ്പെടുന്നത്. അതുകൊണ്ടുതന്നെ, ഇതു സംബന്ധിച്ച നിയമ നിർമ്മാണത്തിന് പാർലമെന്റിനാണ് അധികാരം. സർഫാസി നിയമം ഭേദഗതി ചെയ്യുന്നതിന് സംസ്ഥാന നിയമസഭയ്ക്ക് അധികാരമില്ലെന്ന് ആവർത്തിച്ച കമ്മിറ്റി, കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാൻ മാത്രമേ കഴിയൂ എന്നു വ്യക്തമാക്കി.
ഭേദഗതിയല്ല
ഈ നിയമം
ഇതെല്ലാം പരിഗണിച്ചാണ് ഈ നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചത്. ഇത്രയും പ്രാധാന്യമുള്ള നിയമനിർമ്മാണ പ്രക്രിയയിൽ യു.ഡി.എഫ് എം.എ.എമാർ ആരും പങ്കെടുക്കുകയുണ്ടായില്ല. ഈ നിയമം സർഫാസി നിയമത്തിനുള്ള ഭേദഗതിയല്ല, മറിച്ച് ഈ നിയമത്തിന്റെ ഇരകളെ സംരക്ഷിക്കുന്നതിനുള്ള സംസ്ഥാന നിയമമാണ്. ഇരയുടെ സാമ്പത്തിക ബാദ്ധ്യത സർക്കാർ ഏറ്റെടുത്ത്, ഏക കിടപ്പാടം സംരക്ഷിക്കുകയാണ് ചെയ്യുന്നത്.
നഗരത്തിൽ അഞ്ചുസെന്റും ഗ്രാമത്തിൽ പത്തു സെന്റും മാത്രം സ്ഥലമുള്ള, അഞ്ചുലക്ഷം രൂപ വരെ വായ്പ എടുക്കുകയും, തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ തിരിച്ചടവ് മുടങ്ങി 10 ലക്ഷം രൂപവരെ കുടിശ്ശികയായി ജപ്തി നേരിടുകയും ചെയ്യുന്ന കുടുംബത്തിന് ഈ നിയമപ്രകാരം രൂപീകരിക്കുന്ന ജില്ലാതല കമ്മിറ്റിക്ക് അപേക്ഷ നൽകാം.
ജില്ലാതല ഉദ്യോഗസ്ഥരും ജില്ലാ ലീഡ് ബാങ്ക് പ്രതിനിധിയും ഉൾകൊള്ളുന്ന കമ്മിറ്റി അപേക്ഷ പരിശോധിക്കും. കുടുംബത്തിന് മറ്റ് സ്വത്തുക്കൾ ഉണ്ടാകാൻ പാടില്ല. മാതാവ്, പിതാവ്, മകൻ, മകൾ, ഭാര്യ, ഭർത്താവ് എന്നിവരാണ് കുടുംബത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുന്നത്. തിരിച്ചടവിൽ ബോധപൂർവം വീഴ്ച വരുത്തിയവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. തിരിച്ചടവിന് മറ്റു സാദ്ധ്യതകളില്ലെന്ന് കമ്മിറ്റിക്ക് ബോദ്ധ്യപ്പെട്ടാൽ അവർ സംസ്ഥാനതല കമ്മിറ്റിക്ക് ശുപാർശചെയ്യും. അവർ ശുപാർശ അംഗീകരിച്ചാൽ കുടിശ്ശിക ജില്ലാ കളക്ടർ ബങ്കിനു കൈമാറി രേഖകൾ തിരിച്ചുവാങ്ങും.
ഈ നിയമത്തിന്റെ ചട്ടത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യവസ്ഥകളോടെ ഉടമയ്ക്ക് രേഖകൾ നൽകി കിടപ്പാടം തിരിച്ചു നൽകും. ജീവിതത്തിൽ ഒരു തവണ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. സഹകരണ ബാങ്കുകൾ ഉൾപ്പെടെ എല്ലാ ബാങ്കുകളുടെയും വിജ്ഞാപനത്തിൽ ഉൾപ്പെടുത്തുന്ന ധനകാര്യ സ്ഥാപനങ്ങളുടെ വായ്പകൾക്ക് ഈ നിയമം ബാധകമാകും. സമാനമായ കേസുകളിൽ ജപ്തി നേരിടുന്ന ജാമ്യക്കാരനും ഇതേ ആനുകൂല്യം ലഭിക്കും.
സേവനത്തിനുള്ള
അവകാശം
അതുപോലെ തന്നെ സവിശേഷ പ്രാധാന്യമുള്ളതാണ് സേവനാവകാശ നിയമം. ഒരു ദശകത്തിലധികമായി സേവനാവകാശ നിയമം പ്രാബല്യത്തിലുണ്ടെങ്കിലും വലിയ മാറ്റം ഉണ്ടാക്കിയിട്ടില്ല എന്നതായിരുന്നു യാഥാർത്ഥ്യം. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇതു സംബന്ധിച്ച് പഠിക്കുന്നതിന് ഐ.എം.ജി ഡയറക്ടറുടെ നേതൃത്വത്തിൽ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം, 83-ൽ 65 വകുപ്പുകൾ മാത്രമാണ് സേവനങ്ങൾ വിജ്ഞാപനം ചെയ്തിട്ടുള്ളത്. അതിൽത്തന്നെ 32 വകുപ്പുകളും പരമാവധി പതിനൊന്ന് സേവനങ്ങൾ മാത്രമാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്.
സേവനങ്ങൾ വിജ്ഞാപനം ചെയ്യാത്തത് കുറ്റകരമാക്കുന്ന വ്യവസ്ഥ നിയമത്തിൽ ഇല്ലാതിരുന്നത് കുറവായിരുന്നു. സേവനം സമയബന്ധിതമായി നൽകുന്നതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്ക് 500 മുതൽ 5000 രൂപ വരെ പിഴ ചുമത്താൻ നിയമത്തിൽ വകുപ്പുണ്ടായിരുന്നെങ്കിലും, ആർക്കും ഇതുവരെ പിഴ ചുമത്തിയിട്ടില്ല. ജനങ്ങൾക്ക് ഈ നിയമത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ കഴിഞ്ഞില്ലെന്നതും, ഉദ്യോഗസ്ഥർ തന്നെയാണ് അപ്പീലിൽ തീരുമാനമെടുക്കുന്നത് എന്നതും ഇതിനു കാരണമാണ്. ഈ റിപ്പോർട്ടിന്റെ ശുപാർശകളുടെയും നിയമപരിഷ്‌കരണ കമ്മിഷന്റെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് പുതിയ നിയമം കൊണ്ടുവന്നത്.
സേവനാവകാശ നിയമപ്രകാരം ആറുമാസത്തിനുള്ളിൽ, സേവനങ്ങളും അവ നൽകേണ്ട സമയവും എല്ലാ വകുപ്പുകളും
വിജ്ഞാപനം ചെയ്യണം. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനിൽ നിന്ന് തൃപ്തികരമല്ലാത്ത വിശദീകരണമാണെങ്കിൽ പതിനായിരം രൂപ വരെ പിഴ ഈടാക്കും. വിജ്ഞാപനം പരസ്യപ്പെടുത്താത്ത ഓഫീസ് ചുമതലക്കാർക്കും സമാനമായ ശിക്ഷയുണ്ടായിരിക്കും. പ്രത്യേക സേവനങ്ങൾ വിജ്ഞാപനം ചെയ്യണമെന്നതാണ് പുതിയ നിയമത്തിലെ ശ്രദ്ധേയമായ വകുപ്പ്. പ്രത്യേക സേവനങ്ങൾ വിജ്ഞാപനത്തിൽ പറയുന്ന ദിവസത്തിനകം ലഭിക്കുന്നില്ലെങ്കിൽ നിശ്ചിത സമയപരിധി അവസാനിച്ച് അഞ്ചു ദിവസത്തിനുള്ളിൽ പ്രസ്തുത സേവനം ലഭ്യമാക്കിയതായി കരുതുമെന്ന് നിയമം വ്യവസ്ഥ ചെയുന്നു. ലഭിക്കേണ്ട സേവനം സംബന്ധിച്ച രേഖകൾ അപേക്ഷകന് നൽകണം.
അപ്പീലിന്
അധികാരം
പ്രത്യേക സേവനങ്ങൾ അല്ലാത്തവ സമയപരിധിക്കുള്ളിൽ നൽകുന്നില്ലെങ്കിൽ 30 ദിവസത്തിനകം അപ്പീൽ നൽകാം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥന് ആയിരം മുതൽ പതിനായിരം രൂപ വരെ പിഴ ചുമത്താം. ഒന്നാം അപ്പീൽ അധികാരി നിശ്ചിത സമയത്തിനുള്ളിൽ തീരുമാനമെടുത്തില്ലെങ്കിൽ രണ്ടാം അപ്പീൽ നൽകാം. വിഴ്ച വരുത്തിയ ഒന്നാം അപ്പീൽ അധികാരിക്ക് രണ്ടായിരം മുതൽ പന്ത്രണ്ടായിരം രൂപ വരെയായിരിക്കും പിഴ. എന്നാൽ, ഈ അപ്പീൽ അധികാരികളെല്ലാം സർക്കാർ ഉദ്യോഗസ്ഥരായതുകൊണ്ട് ചില പരിമിതികൾ ഉണ്ടായെന്നുവരാം. അതുകൊണ്ടാണ് സേവനാവകാശ കമ്മിഷൻ രൂപീകരിക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നത്.
സംസ്ഥാന സർക്കാരിൽ സെക്രട്ടറി തലത്തിലോ ഉയർന്നതോ ആയ ചുമതല വഹിച്ച വ്യക്തിയായിരിക്കണം സേവനവകാശ കമ്മിഷൻ. സേവനം സമയത്തിനു ലഭിക്കാത്ത പ്രശ്നങ്ങളിൽ സ്വമേധയാ പരിശോധിക്കാനും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി ശുപാർശ ചെയ്യാനും കമ്മിഷന് അധികാരമുണ്ട്. രണ്ടാം അപ്പീൽ അധികാരി വിഴ്ച വരുത്തുന്ന കേസുകളിൽ മൂവായിരം മുതൽ പതിനയ്യായിരം രൂപ വരെ പിഴ ചുമത്താനും അധികാരമുണ്ട്. ഓഫീസുകൾ പരിശോധിക്കുന്നതും വിജ്ഞാപനങ്ങളിൽ മാറ്റങ്ങൾ നിർദ്ദേശിക്കുന്നതും ഉൾപ്പെടെ വിപുലമായ അധികാരങ്ങളാണ് കമ്മിഷനുള്ളത്. അധികാരമുള്ള വ്യക്തിളേക്കാൾ ശക്തി ജനങ്ങൾക്കുള്ള അധികാരമാണെന്ന് ഉറപ്പിച്ച് പ്രഖ്യാപിക്കുന്നതാണ് പുതിയ സേവനാവകാശ നിയമം.