
ന്യൂഡൽഹി: ഇന്ത്യൻ രാഷ്‌ട്രീയത്തിൽ നിലനിൽക്കുന്ന രാജവാഴ്ചയെ വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എഴുതിയ ലേഖനത്തെ പ്രശംസിച്ച് ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല. ഇത്തരത്തിൽ ഒരു ലേഖനം എഴുതിയ ശശി തരൂരിന് നേരെ ആക്രമണങ്ങൾ ഉണ്ടാകാനിടയുണ്ടെന്നും മുൻ കോൺഗ്രസ് നേതാവ് കൂടിയായ പൂനെവാല മുന്നറിയിപ്പ് നൽകി. ശശി തരൂർ കളിക്കുന്നത് തീക്കളിയാണെന്നും താൻ തരൂരിന് വേണ്ടി പ്രാർത്ഥിക്കുകയാണെന്നും പൂനെവാല പറഞ്ഞു. തരൂർ അദ്ദേഹത്തിന്റെ ലേഖനത്തിൽ പരാമർശിച്ച ആദ്യ കുടുംബം വളരെ പ്രതികാരബുദ്ധിയുള്ളവരാണെന്ന പരാമർശവും പൂനെവാല നടത്തി.
'ഇന്ത്യൻ രാഷ്ട്രീയം ഒരു കുടുംബ ബിസിനസ്' എന്ന തലക്കെട്ടിലെഴുതിയ തരൂരിന്റെ ലേഖനമാണ് വിവാദത്തിന് കാരണം. കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, നാഷണൽ കോൺഫറൻസ് എന്നിവയുൾപ്പെടെ ഇന്ത്യയിൽ കുടുംബങ്ങൾ നയിക്കുന്ന രാഷ്ട്രീയ പാർട്ടികളെക്കുറിച്ചാണ് ലേഖനം വിവരിക്കുന്നത്.
"കുടുംബ രാഷ്ട്രീയം ഇന്ത്യൻ ജനാധിപത്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്നു. കഴിവ്, പ്രതിബദ്ധത, താഴെത്തട്ടിലുള്ള ജനങ്ങളുടെ ഇടപെടൽ എന്നിവയെക്കാൾ വംശപരമ്പരയെ അടിസ്ഥാനമാക്കി രാഷ്ട്രീയ അധികാരം നിർണയിക്കുമ്പോൾ അവിടെ ഭരണത്തിന്റെ ഗുണനിലവാരം തകരുന്നു' തരൂർ ലേഖനത്തിൽ കുറിച്ചു.
സ്ഥാനാർത്ഥികളുടെ പ്രധാന യോഗ്യത അവരുടെ കുടുംബപ്പേരാകുമ്പോൾ അത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും സാധാരണക്കാർ നേരിടുന്ന വെല്ലുവിളികൾ അവർക്ക് മനസിലാക്കാൻ കഴിയാതെ വരുമെന്നും അദ്ദേഹം പറയുന്നു. അങ്ങനെയാകുമ്പോൾ അവരുടെ നിയോജകമണ്ഡലങ്ങളുടെ ആവശ്യങ്ങളോട് ഫലപ്രദമായി പ്രതികരിക്കാൻ സ്ഥാനാർത്ഥികൾക്ക് കഴിയാതെ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശശി തരൂരിന്റെ ലേഖനം മികച്ച ഉൾക്കാഴ്‌ച നൽകുന്നതാണെന്ന് ഷെഹ്സാദ് പൂനെവാലെ പ്രശംസിച്ചു. ഇതിന്റെ പേരിൽ ശശിതരൂർ നേരിടാൻ പോകുന്ന പ്രത്യാഘാതങ്ങൾ എന്തായിരിക്കുമെന്ന് താൻ അത്ഭുതപ്പെടുന്നതായും തനിക്ക് സംഭവിച്ചത് എന്താണെന്ന് അറിയില്ലേയെന്നും പൂനെവാല ചോദിച്ചു. രാഹുൽ ഗാന്ധിയെ നെപ്പോ കിഡ് എന്ന് വിളിച്ചതിന്റെ പേരിൽ ഇതിനോടകം തന്നെ ശശി തരൂർ ആക്രമിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ശശി തരൂരിന്റെ ലേഖനത്തെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയാണ് കോൺഗ്രസ് നേതാക്കൾ. "നേതൃത്വം എല്ലായ്പ്പോഴും യോഗ്യതയിൽ നിന്നാണ് രൂപപ്പെടുന്നത്. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ഈ രാജ്യത്തെ ഏറ്റവും കഴിവുള്ള പ്രധാനമന്ത്രിയായിരുന്നു. ഇന്ദിരാഗാന്ധി തന്റെ ജീവൻ നൽകികൊണ്ടാണ് അക്കാര്യം തെളിയിച്ചത്. രാജീവ് ഗാന്ധിയും സ്വന്തം ജീവൻ നൽകിയാണ് സ്വന്തം രാജ്യത്തെ സേവിച്ചത്. അപ്പോൾ, ഗാന്ധി കുടുംബം ഒരു രാജവംശമാണെന്ന് പറയുമ്പോൾ ഇന്ത്യയിലെ മറ്റേത് കുടുംബത്തിനാണ് ഈ കുടുംബത്തിനുണ്ടായിരുന്ന ത്യാഗവും സമർപ്പണവും കഴിവും ഉണ്ടായിരുന്നത്? അത് ബിജെപി ആയിരുന്നോ?" രാജ്യസഭാ എംപി പ്രമോദ് തിവാരി ചോദിച്ചു,