
ഇസ്താംബൂൾ: സാധാരണയായി വിവാഹബന്ധം വേർപിരിയുന്ന സമയത്ത് കുട്ടികളുടെ സംരക്ഷണത്തിനും പഠന ചെലവുകൾക്കുമായി ജീവനാംശം നൽകുന്നത് സ്വാഭാവികമാണ്. എന്നാൽ തുർക്കിയിലെ ഒരു യുവാവ് ജീവനാംശം നൽകേണ്ടത് മുൻഭാര്യയുടെ വളർത്തുപൂച്ചകൾക്കാണ്. തുർക്കിയിലെ ഇസ്താംബൂളിലാണ് വ്യത്യസ്തമായ സംഭവം.
രണ്ട് വർഷം മുൻപാണ് ഇസ്താംബൂൾ സ്വദേശികളായ ബുഗ്രയും എസ്ഗിയും വിവാഹിതരാകുന്നത്. ഈ സമയത്ത് ഇരുവരും രണ്ട് പൂച്ചകളെ വളർത്തിയിരുന്നു. വിവാഹമോചനത്തിലേക്ക് കടന്നതോടെ പൂച്ചയുടെ സംരക്ഷണം എസ്ഗിക്ക് ലഭിച്ചു. തുടർന്ന് മുൻഭാര്യയുടെ വളർത്തുപൂച്ചകൾക്ക് യുവാവ് ഭീമമായ തുക നൽകണമെന്ന് കോടതി ഉത്തരവിട്ടു. 10 വർഷത്തേക്ക് കൃത്യമായ ഇടവേളകളിൽ പൂച്ചകളുടെ പരിപാലനത്തിനായി പണം നൽകാമെന്ന് ബുഗ്ര കോടതിയെ അറിയിക്കുകയും ചെയ്തു. ഓരോ മൂന്ന് മാസം കൂടുമ്പോഴും 10,000 ടർക്കിഷ് ലിറ ( 21,307 ഇന്ത്യൻ രൂപ) വീതം അദ്ദേഹം നൽകണം. പൂച്ചകളുടെ ഭക്ഷണം, വാക്സിനേഷൻ, ചികിത്സാ ചെലവുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് തുക നൽകേണ്ടത്.
പൂച്ചകളുടെ ജീവനാംശത്തിന് പുറമെ മുൻഭാര്യയായ എസ്ഗിക്ക് 550,000 ടർക്കിഷ് ലിറ (11 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരമായി നൽകാൻ കോടതി ബുഗ്രയോട് ഉത്തരവിട്ടിട്ടുണ്ട്. തുർക്കിയിൽ വളർത്തുമൃഗങ്ങളെ മൈക്രോചിപ്പിംഗ് വഴി രജിസ്റ്റർ ചെയ്യേണ്ട നിയമമുണ്ട്. ഈ രജിസ്‌ട്രേഷനിലൂടെ വളർത്തുമൃഗത്തിന്റെ ഉടമ നിയമപരമായി രക്ഷാധികാരിയായി മാറും. അതുകൊണ്ടുതന്നെ വളർത്തു മൃഗങ്ങളെ ഉപേക്ഷിച്ചാൽ ഉടമകൾക്ക് നിയമനടപടികൾ നേരിടേണ്ടിവരും. ഈ നിയമപരമായ പിൻബലമാണ് പൂച്ചകൾക്ക് ജീവനാംശം ലഭിക്കാൻ കാരണമായത്.