dosha

തിരക്കുപിടിച്ച മുംബയ് നഗരം. ക്ലോക്കിലെ സമയത്തിന് പൊന്നും വിലയുള്ള ഈ നഗരത്തിൽ ജീവിതം മുന്നോട്ടുപോകാനുള്ള ഓട്ടപ്പാച്ചിലിലാണ് എല്ലാവരും. അവിടെ ഒരു ദോശക്കടയുമായി മാസം ഒരു കോടി രൂപ വരുമാനമുണ്ടാക്കുന്ന ദമ്പതികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങൾ. എംബിഎ ഡിഗ്രിയോ, വലിയ നിക്ഷേപകരോ, എന്തിന് ഒരു റെസ്‌റ്റോറന്റിൽ ജോലി ചെയ്ത് പരിചയം പോലുമില്ല ഈ ദമ്പതികൾക്ക്. ആകെയുള്ളത് വീട്ടിൽ നിന്നുണ്ടാക്കുന്ന പോലത്തെ രുചിയിൽ ലഭിക്കുന്ന ദോശയും ചമ്മന്തിയുമാണ്. അഖിൽ അയ്യർ ശ്രീയ നാരായണ എന്നീ ദമ്പതികളെക്കുറിച്ചാണ് ഈ പറഞ്ഞുവരുന്നത്.

മികച്ച ശമ്പളമുള്ള ജോലി ഉപേക്ഷിച്ചിതിന് ശേഷമാണ് ദാവൻഗരെ ശൈലിയിലുള്ള ദോശ തട്ടിൽ നിരത്തി ഈ ദമ്പതികൾ വിൽക്കാൻ തുടങ്ങിയത്. സൂപ്പർ താരങ്ങളായ വിരാട് കൊഹ്ലി അനുഷ്‌ക ശർമ്മ തുടങ്ങിയവർ ഈ ദോശയുടെ വലിയ ആരാധകരാണ്. ഇതോടെ സോഷ്യൽ മീഡിയയിൽ അടക്കം ഈ കട ഹിറ്റായി. ഒരു ദിവസം 800 ദോശ വരെ വിൽക്കുന്നുണ്ട്. 250 മുതൽ 300 രൂപയാണ് ദോശയ്ക്ക് വില വരുന്നത്. ഒരു മാസം ഒരു കോടി രൂപയുടെ വിറ്റുവരവുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ഹോസ്പിറ്റാലിറ്റി മേഖലയിൽ ഒരു പരിചയവുമില്ലാത്ത ദമ്പതികൾ മാസങ്ങളോളം തങ്ങളുടെ ദോശമാവിലും ചമ്മന്തിയിലും മികവ് പുലർത്തി. കർണാടകയിൽ നിന്നാണ് കനത്ത കാസ്റ്റ്ഇരുമ്പ് കല്ലുകൾ എത്തിച്ചത്. നീണ്ട പരീക്ഷണങ്ങൾക്കും പിഴവുകൾക്കും ശേഷം ലളിതവും പുതുമയുള്ളതുമായ ദോശകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് അവർ ബെന്നെ എന്ന 12 സീറ്റർ കഫേ ആരംഭിക്കുകയായിരുന്നു.

ആദ്യം കട തുടങ്ങിയത് ബാന്ദ്രയിലാണ്. പിന്നീട് ഭക്ഷണത്തിന് ആരാധകർ ഏറിയതോടെ ജുഹുവിൽ മറ്റൊരു ഔട്ട്‌ലെറ്റ് ആരംഭിച്ചു. വിവാഹത്തിന് ശേഷമാണ് ഇരുവരും മുംബയിലേക്ക് താമസം മാറിയത്. മുംബയിൽ ങ്ങൾക്ക് ഇഷ്ടപ്പെട്ട ക്രിസ്പി ദോശ നല്ല രീതിയിൽ മിസ് ചെയ്തിരുന്നു. നഗരത്തിലുടനീളം തിരഞ്ഞിട്ടും ബംഗളൂരു ശൈലിയിലുള്ള യഥാർത്ഥ രുചിയോട് അടുത്ത് ഒന്നും അവർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. ആ നിരാശയിലാണ് ഒരു ദോശക്കടയെന്ന ആശയം മനസിൽ ഉദിച്ചത്.