
രക്തസമ്മർദ രോഗികളുടെ എണ്ണം ഇന്ന് കേരളത്തിൽ ദിനംപ്രതി വർദ്ധിച്ചുവരികയാണ്. അനാരോഗ്യകരമായ ജീവിതശൈലിയും ജോലിയിലെ സ്‌ട്രസുമാണ് ഇതിന്റെ പ്രധാനകാരണം. അതിനാൽത്തന്നെ രക്തസമ്മർദം (ബിപി) നിയന്ത്രിക്കാൻ ചെറുപ്രായത്തിൽ മരുന്ന് കഴിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. എന്നാൽ, ഈ മരുന്നുകൾ സുരക്ഷിതമാണോ? രക്തസമ്മർദം നിയന്ത്രിക്കാനുള്ള മരുന്നിൽ ക്യാൻസർ രോഗത്തിന് കാരണമാകുന്ന രാസവസ്‌തു അടങ്ങിയിട്ടുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. കേരളത്തിലല്ല, യുഎസിലാണ് സംഭവം.
രക്തസമ്മർദത്തിനുള്ള മരുന്നിന്റെ അരദശലക്ഷത്തിലധികം കുപ്പികളാണ് യുഎസിൽ തിരിച്ചുവിളിച്ചത്. ന്യൂജേഴ്‌സി ആസ്ഥാനമായുള്ള ടെവ ഫാർമസ്യൂട്ടിക്കൽസാണ് സ്വമേധയാ അവരുടെ മരുന്ന് തിരിച്ചുവിളിച്ചത്. ഉയർന്ന രക്തസമ്മർദത്തിനും അനുബന്ധ പ്രശ്‌നങ്ങൾക്കും ചികിത്സയ്‌ക്കായി രോഗിക്ക് നൽകുന്ന പ്രാസോസിൻ ഹൈഡ്രോക്ലോറൈഡ് (prazosin hydrochloride) കാപ്‌സ്യൂളുകൾ ആണ് പിൻവലിച്ചത്. ഈ മരുന്നുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ തുടരുന്നതിനിടെ രോഗികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് മരുന്ന് പിൻവലിച്ചതെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും (എഫ്ഡിഎ) മരുന്ന് കമ്പനിയും അറിയിച്ചു. എന്തുകൊണ്ടാണ് ഈ മരുന്ന് തിരിച്ചുവിളിച്ചതെന്നും അതിന്റെ അപകടസാദ്ധ്യതയും ഈ മരുന്ന് സ്ഥിരമായി കഴിച്ചിരുന്ന രോഗികൾ ഇനി എന്തുചെയ്യണമെന്നും അറിയാം.

തിരിച്ചുവിളിച്ചത് 5,80,000ലധികം കുപ്പി മരുന്നുകൾ
രക്തക്കുഴലുകളെ വികസിപ്പിച്ച് രക്തപ്രവാഹം കൂടുതൽ സുഗമമാക്കാൻ സഹായിക്കുന്ന മരുന്നാണ് പ്രാസോസിൻ ഹൈഡ്രോക്ലോറൈഡ് കാപ്‌സ്യൂൾ. മരുന്നിന്റെ ചില ബാച്ചുകളിൽ ക്യാൻസറിന് കാരണമായ നൈട്രോസാമൈൻ മാലിന്യങ്ങൾ, പ്രത്യേകിച്ച് “എൻ - നൈട്രോസോ പ്രാസോസിൻ ഇംപ്യൂരിറ്റി സി” എന്നിവ കലർന്നിരിക്കാമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തിരിച്ചുവിളിക്കൽ ആരംഭിച്ചത്. മരുന്നുകളുടെ നിർമാണത്തിനിടെ ഉണ്ടാകുന്ന രാസപ്രക്രിയയിലാണ് ഈ നൈട്രോസാമൈൻ മാലിന്യങ്ങൾ ഉണ്ടാകുന്നത്.
ചില മരുന്നുകൾ, വെള്ളം, ഗ്രിൽ ചെയ്‌ത മാംസം, പാലുൽപ്പന്നങ്ങൾ എന്നിവയിൽ നൈട്രോസാമൈനുകൾ വളരെ ചെറിയ അളവിൽ അടങ്ങിയിട്ടുണ്ട്. ഇവ ദിനംപ്രതി ശരീരത്തിൽ എത്തുന്നത് ക്യാൻസറിന് കാരണമാകും എന്നതിനാലാണ് തിരിച്ചുവിളിച്ചത്. പ്രത്യേകിച്ച് ദിനസേന കഴിക്കുന്ന മരുന്നുകളിൽ ഇതിന്റെ അംശമുണ്ടെങ്കിൽ അത് മാരക പ്രശ്‌നങ്ങൾ ശരീരത്തിനുണ്ടാക്കും.
മുൻകരുതൽ നടപടിയായി, ടെവ മരുന്നിന്റെ 580,000ലധികം കുപ്പികളാണ് വിപണിയിൽ നിന്നും പിൻവലിച്ചത്. ഇതിൽ 1 മില്ലിഗ്രാം പതിപ്പിന്റെ 181,659 കുപ്പികളും, 2 മില്ലിഗ്രാമിന്റെ 291,512 കുപ്പികളും, 5 മില്ലിഗ്രാമിന്റെ 107,673 കുപ്പികളും ഉൾപ്പെടുന്നു. ഓരോന്നിലും 1000 ഗുളികകളാണ് അടങ്ങിയിട്ടുള്ളത്. വളരെ കുറഞ്ഞ അളവിൽ ഈ രാസവസ്‌തു ശരീരത്തിൽ എത്തുന്നത് പ്രശ്‌നമല്ലെങ്കിലും അമിതമായാൽ ആപത്താണ്.

മരുന്ന് ഉപയോഗിച്ചിരുന്നവർ എന്തുചെയ്യും?
തിരിച്ചുവിളിക്കപ്പെട്ട രക്തസമ്മർദത്തിനുള്ള മരുന്ന് ഇനി എന്തുചെയ്യണമെന്ന് ടെവ ഫാർമസ്യൂട്ടിക്കൽസോ എഫ്ഡിഎയോ വ്യക്തമാക്കിയിട്ടില്ല. മരുന്ന് സ്ഥിരമായി കഴിച്ചിരുന്നവർ എത്രയും വേഗം അവരുടെ ഡോക്‌ടറെ ബന്ധപ്പെടാനാണ് മരുന്ന് കമ്പനി നിർദേശിച്ചിരിക്കുന്നത്. ഇതുവരെ മരുന്നുമായി ബന്ധപ്പെട്ട പ്രതികൂല ഫലങ്ങൾ ഉള്ളതായി രോഗികളിൽ നിന്ന് പരാതി ടെവയ്‌ക്ക് ലഭിച്ചിട്ടില്ല. നിലവിൽ മരുന്ന് കൈവശം വച്ചിരിക്കുന്ന രോഗികൾ അവ വാങ്ങിയ സ്ഥലത്ത് തന്നെ തിരികെ നൽകണമെന്നും കമ്പനി അറിയിച്ചു.
രക്തസമ്മർദത്തിന് മരുന്ന് സ്ഥിരമായി കഴിക്കുന്നവർ പെട്ടെന്നത് മാറ്റുന്നത് അപകടത്തിന് കാരണമാകും. അതിനാൽ ഡോക്‌ടറെ സമീപിച്ച് പരിഹാരം കണ്ടശേഷം വേണം ഇത് നിർത്താനെന്നും കമ്പനി നിർദേശിച്ചു. ഇതിന് മുമ്പ് നൈട്രോസാമൈൻ മലിനീകരണം കാരണം ഫൈസർ, മെർക്ക്, സാൻഡോസ്, റൈസിംഗ് ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ കമ്പനികളും മുമ്പ് മരുന്നുകൾ തിരിച്ചുവിളിച്ചിട്ടുണ്ട്.