
തളിപ്പറമ്പ്: കുറുമാത്തൂരിൽ കുട്ടി കിണറ്റിൽ വീണ് മരിച്ച സംഭവം കൊലപാതകമെന്ന് സൂചന. കുറുമാത്തൂർ ഡയറി ജുമാമസ്ജിദിന് സമീപത്തെ ആമിഷ് അലൻ ആണ് മരിച്ചത്. രണ്ടുമാസം പ്രായം മാത്രമേ കുഞ്ഞിനുള്ളൂ. കുഞ്ഞിന്റെ മാതാവായ മൂലക്കൽ പുതിയപുരയിൽ മുബഷിറയാണ് കൃത്യം നടത്തിയതെന്നാണ് വിവരം.
കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതാണെന്ന് മുബഷിറ പൊലീസിന് മൊഴി നൽകിയതായും റിപ്പോർട്ടുകളുണ്ട്. തളിപ്പറമ്പ് ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ യുവതിയെ ചോദ്യം ചെയ്തുവരികയാണ്. വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. വീട്ടിലെ കുളിമുറിയിൽ വച്ച് കുളിപ്പിക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞ് കിണറ്റിലേക്ക് വീഴുകയായിരുന്നെന്നായിരുന്നു യുവതി ആദ്യം പറഞ്ഞിരുന്നത്.
യുവതിയുടെ ബഹളംകേട്ടെത്തിയ പൊതുപ്രവർത്തകൻ നാജ് അബ്ദുറഹ്മാൻ, സുഹൃത്തുക്കളായ ഷംസാദ്, നാസർ എന്നിവർ കുഞ്ഞിനെ കിണറ്റിൽ നിന്ന് പുറത്തെടുത്ത് ഉടൻ തളിപ്പറമ്പ് സഹകരണാശുപ്രതിയിലും കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.