
തിരുവനന്തപുരം : കർണാടകയ്ക്ക് എതിരായ ഇന്നിംഗ്സ് തോൽവിയോടെ കേരളത്തിന്റെ ഈ സീസണിലെ രഞ്ജി ട്രോഫി സാദ്ധ്യതകൾക്ക് മേൽ കരിനിഴൽ പരന്നു. കഴിഞ്ഞസീസണിൽ ചരിത്രം സൃഷ്ടിച്ച് ആദ്യമായി ഫൈനലിൽ കളിച്ച ടീമിന് ഇക്കുറി ആദ്യ മൂന്ന് മത്സരങ്ങളിൽ ഒന്നിൽപ്പോലും ജയിക്കാനായില്ല. മഹാരാഷ്ട്രയ്ക്കും പഞ്ചാബിനും എതിരായുള്ള മത്സരങ്ങളിൽ ലീഡ് വഴങ്ങി സമനിലയിലായതിന് പിന്നാലെയാണ് കർണാടകത്തിനെതിരായ കനത്ത തോൽവി.മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റ് മാത്രമുള്ള കേരളം എട്ടു ടീമുകളുള്ള എലൈറ്റ് ഗ്രൂപ്പ് ബിയിൽ ഏഴാം സ്ഥാനത്താണ്.
നാലുമത്സരങ്ങൾ മാത്രമാണ് ഇനി സീസണിൽ കേരളത്തിനുള്ളത്. ഇത് നാലും ഇന്നിംഗ്സ് ലീഡോടെ ജയിച്ചാലേ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിക്കാൻ സാദ്ധ്യതയുള്ളൂ. കരുത്തരായ സൗരാഷ്ട്ര, മദ്ധ്യപ്രദേശ്,ചണ്ഡിഗഡ്,ഗോവ എന്നിവരുമായാണ് ഇനിയുള്ള മത്സരങ്ങൾ.
കേരളത്തിന്റെ ഇനിയുള്ള മത്സരങ്ങൾ
നവംബർ 8-11
Vs സൗരാഷ്ട്ര
മംഗലപുരം
നവംബർ 16-19
Vs മദ്ധ്യപ്രദേശ്
ഇൻഡോർ
ജനുവരി 22-25
Vs ചണ്ഡിഗഡ്
മംഗലപുരം
ജനുവരി 29-ഫെബ്രു.1
Vs ഗോവ
പോവോറിം
എലൈറ്റ് ഗ്രൂപ്പ് ബി പോയിന്റ് നില
(ടീം, കളി,ജയം, തോൽവി, സമനില , പോയിന്റ് ക്രമത്തിൽ)
ഗോവ 3-1-0-2-11
കർണാടക 3-1-0-2-11
മഹാരാഷ്ട്ര 3-1-0-2-10
മദ്ധ്യപ്രദേശ് 3-0-0-3-9
സൗരാഷ്ട്ര 3-0-0-3-9
പഞ്ചാബ് 3-0-0-3-9
കേരളം 3-0-1-2-2
ഛണ്ഡിഗഡ് 3-0-2-1-0
ക്വാർട്ടറിലെത്താൻ
എട്ട് ടീമുകൾ വീതം മത്സരിക്കുന്ന എലൈറ്റ് എ,ബി ഗ്രൂപ്പുകളിൽ നിന്ന് അഞ്ചുടീമുകൾക്കാണ് ക്വാർട്ടറിലേക്ക് പ്രവേശനം. 16 ടീമുകളിൽ ആദ്യ അഞ്ചസ്ഥാനത്തിനുള്ളിൽ എത്തണം. എലൈറ്റ് ഗ്രൂപ്പ് സിയിൽ നിന്ന് രണ്ട് ടീമുകളും പ്ളേറ്റ് ഗ്രൂപ്പിൽ നിന്ന് ഒരു ടീമും ക്വാർട്ടറിൽ കളിക്കും.