
തിരുവനന്തപുരം: എറണാകുളം ജില്ലയിൽ സ്വകാര്യ ബസ് ജീവനക്കാർ പ്രഖ്യാപിച്ച പണിമുടക്കിനെ നേരിടാൻ മന്ത്രി ഗണേശ് കുമാറിന്റെ നീക്കം. മിന്നൽ പണിമുടക്ക് നടത്തിയ എല്ലാ ബസുകളുടെ ഫോട്ടോ എടുത്തുവച്ചിട്ടുണ്ടെന്നും ആ വണ്ടികളുടെ റൂട്ടിൽ ഇന്ന് മുതൽ കെഎസ്ആർടിസി ഓടിത്തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ഇതിന് വേണ്ടി അറുന്നൂറോളം ബസുകളും ജീവനക്കാരും എത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
'ആർക്ക് വേണമെങ്കിലും സമരം ചെയ്യാം. എല്ലായിടത്ത് നിന്നും വണ്ടികൾ വന്നുതുടങ്ങിയിട്ടുണ്ട്. സമരം വേണമെങ്കിൽ ഇന്നും തുടരാം. നിങ്ങൾ സമരം ചെയ്‌തോളൂ. എത്ര സ്വകാര്യ ബസ് സമരം ചെയ്യുന്നോ അത്രയും കെഎസ്ആർടിസി ബസുകൾ ഇന്നും നാളെയും കൊച്ചി നഗരത്തിലേക്ക് എത്തും. ഇന്നലെ സമരം ചെയ്തവരുടെ മുന്നിൽ കെഎസ്ആർടിസി സർവീസ് നടത്തും. പിൻവലിക്കുന്ന പ്രശ്നം ഉദിക്കുന്നില്ല. സാധാരണക്കാർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ മിന്നൽ പണിമുടക്ക്. ഇനി മിന്നൽ പണിമുടക്ക് കൊച്ചി നഗരത്തിൽ വേണ്ട. എത്ര ദിവസം സമരം ചെയ്യുമെന്ന് നോക്കട്ടെ'- ഗണേശ് കുമാർ പറഞ്ഞു.
മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്‌ക്കെതിരെയാണ് കൊച്ചിയിൽ സ്വകാര്യ ബസ് തൊഴിലാളികളും ഉടമകളും മിന്നൽ പണിമുടക്ക് നടത്തിയത്. നിരന്തരം പരിശോധന നടത്തി പിഴ ചുമത്തുന്നുവെന്ന് ആരോപിച്ചായിരുന്നു പണിമുടക്ക്. തിങ്കൾ രാവിലെ 10ന് കാക്കനാട് ബസ് സ്റ്റാൻഡിൽ ട്രിപ്പ് മുടക്കി കിടന്ന ബസുകൾക്കും കണ്ടക്ടർ ലൈസൻസ് ഇല്ലാത്തവർക്കുമെതിരെ എംവിഡി ഉദ്യോഗസ്ഥർ പിഴചുമത്തിയിരുന്നു. ഇതാണ് തൊഴിലാളികളെയും ഉടമകളെയും പ്രകോപിപ്പിച്ചത്.