
ഈ കാലഘട്ടത്തിൽ വാസ്‌തു ശാസ്ത്രം നോക്കുന്നവർ നിരവധിയാണ്. വീടിന്റെ സ്ഥാനവും മുറികളുടെ സ്ഥാനവും കൃത്യമായി വാസ്തുവിൽ പറയുന്നുണ്ട്. വാസ്തു അനുസരിച്ച് കാര്യങ്ങൾ ചെയ്യുന്നത് വീട്ടിൽ സന്തോഷവും സമാധാനവും നൽകുന്നു. ഇപ്പോഴത്തെ വീടുകളിൽ മുറിയോടൊപ്പം ബാത്ത്റൂമും പണിയാറുണ്ട്.
എന്നാൽ അറ്റാച്ച്ഡ് ബാത്ത്റൂം പണിയുമ്പോൾ വാസ്തുനോക്കിയില്ലെങ്കിൽ അത് വീടിന് വലിയ ദോഷമാണെന്ന് ജ്യോതിഷികൾ പറയുന്നു. ശരിയായ ദിശയിലല്ല ബാത്ത്റൂമെങ്കിൽ സമ്പത്ത് നശിക്കുകയും വീട്ടിൽ നെഗറ്റീവ് എനർജി വർദ്ധിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. വാസ്തുപ്രകാരം മുറിയിലെ ബാത്ത്റൂമിന്റെ വാതിൽ വടക്കോ കിഴക്കോ ആയിരിക്കണം സ്ഥാപിക്കേണ്ടത്. ഒരിക്കലും തെക്ക് - പടിഞ്ഞാറ് ദിശയിൽ വാതിൽ വയ്ക്കാൻ പാടില്ല.
ഒരു വീട് വാങ്ങാൻ പോകുമ്പോൾ അറ്റാച്ച്ഡ് ബാത്ത്റൂമിന്റെ ദിശയും ശ്രദ്ധിക്കണമെന്ന് ജ്യോതിഷികൾ പറയുന്നു. അറ്റാച്ച്ഡ് ബാത്ത്റൂം വടക്കുപടിഞ്ഞാറോ പടിഞ്ഞാറോ ദിശയിൽ വേണം വയ്ക്കാൻ. മറ്റൊരു നല്ല സ്ഥാനം മുറിയുടെ തെക്ക് ഭാഗമാണ്. ബാത്ത്‌റൂം എപ്പോഴും തറനിരപ്പിൽ നിന്ന് അൽപം ഉയരത്തിൽ നിർമ്മിക്കുന്നതാണ് നല്ലതെന്നും വാസ്തുവിൽ പറയുന്നു.
ബാത്ത്റൂമിൽ വടക്ക് അല്ലെങ്കിൽ കിഴക്ക് ചുവരിൽ ഒരു കണ്ണാടി വയ്ക്കുന്നത് കിഴക്ക് ദിശയിലെ ഊർജ്ജം പ്രതിഫലിപ്പിക്കുന്നതിന് സഹായിക്കുകയും പോസിറ്റീവ് എനർജി നൽകുകയും ചെയ്യുന്നതായി വാസ്തു വിദഗ്ധർ വ്യക്തമാക്കുന്നു. കുളിമുറിയിൽ ഒരിക്കലും ഇരുണ്ട നിറങ്ങൾ പെയിന്റ് ചെയ്യരുത്. ഇളം നീല, പിങ്ക് എന്നിവയാണ് ഏറ്റവും അനുയോജ്യം. അബദ്ധത്തിൽ പോലും ബാത്ത്റൂമിൽ കറുപ്പ്, തവിട്ട് നിറങ്ങൾ പെയിന്റ് ചെയ്യരുതെന്ന് പറയപ്പെടുന്നു. ഇത് ദോഷമാണെന്നാണ് വിശ്വാസം. റൂമിലെ കട്ടിൽ ഒരിക്കലും ബാത്ത്റൂം ഭിത്തിയോട് ചേർത്ത് ഇടരുത്.