renji-trophy

മംഗലപുരം : കർണാടകത്തിന് എതിരായ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൽ കേരളത്തിന് കനത്ത തോൽവി.

ഇന്നിംഗ്സിനും 164 റൺസിനുമാണ് മംഗലപുരം കെ.സി.എ സ്റ്റേഡിയത്തിലെ ആദ്യ ഫസ്റ്റ്ക്ളാസ്ക മത്സരത്തിൽ കേരളം തോറ്റത്.

ആദ്യം ബാറ്റുചെയ്ത കർണാടകം ഇരട്ട സെഞ്ച്വറി നേടിയ മറുനാടൻ മലയാളി കരുൺ നായർ (233),ആർ.സ്മരൺ (220) എന്നിവരുടെ മികവിൽ 586/5 എന്ന സ്കോറിൽ ഡിക്ലയർ ചെയ്തു. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് 238 റൺസിൽ അവസാനിച്ചതോടെ ഫോളോഓണിനിറങ്ങേണ്ടിവന്നു. ഫോളോഓൺ ഇന്നിംഗ്സിൽ ഇന്നലെ 184 റൺസിന് കേരളം കടപുഴകിയതോടെയാണ് കർണാടക ഇന്നിംഗ്സ് വിജയം ആഘോഷിച്ചത്.

33 റൺസ് നേടിയ ഓപ്പണർ കൃഷ്ണപ്രസാദിനും 39 റൺസുമായി പുറത്താകാതെനിന്ന 11-ാമൻ ഏദൻ ആപ്പിൾ ടോമിനും 23 റൺസടിച്ച യുവതാരം അഹമ്മദ് ഇമ്രാനും 19 റൺസ് നേടിയ ബാബ അപരാജിത്തിനും മാത്രമാണ് രണ്ടാം ഇന്നിംഗ്സിൽ കേരള നിരയിൽ പിടിച്ചുനിൽക്കാനായത്. അക്ഷയ് ചന്ദ്രൻ (0), ക്യാപ്ടൻ അസ്ഹറുദ്ദീൻ (15),സച്ചിൻ ബേബി (12), ഷോൺ റോജർ (0),ഹരികൃഷ്ണൻ(6), വൈശാഖ് ചന്ദ്രൻ (4)എന്നിവർ നിരാശപ്പെടുത്തി.കർണാടകയ്ക്ക് വേണ്ടി മൊഹ്‌സിൻ ഖാൻ ആറുവിക്കറ്റ് വീഴ്ത്തി. കവേരപ്പയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു. ആദ്യ ഇന്നിംഗ്സിൽ കവേരപ്പ നാലുവിക്കറ്റ് വീഴ്ത്തിയിരുന്നു.