
പല തരത്തിലുളള കോഫികളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. കോഫിയേക്കാൾ അത് നൽകുന്ന കപ്പിൽ പോലും വ്യത്യസ്തതകൊണ്ട് ശ്രദ്ധയാകർഷിക്കുകയും വില കൂട്ടുകയും ചെയ്യാറുണ്ട്. ഇപ്പോൾ ഇതാ ലോകത്തിലെ ഏറ്റവും വിലകൂടിയ കാപ്പി അവതരിപ്പിച്ചിരിക്കുകയാണ് ദുബായിലെ ജൂലിത് കഫേ.
3600 ദിർഹം അതായത് 87,000 രൂപയാണ് ഈ ഒരു കോഫിയുടെ വില. കടയുടെ ആഡംബരമോ അത് നൽകുന്ന കപ്പിന്റെ മൂല്യമോ അല്ല കോഫിയുടെ ഉയർന്ന വിലയ്ക്ക് കാരണം. കാപ്പിക്കുരുവിന്റെ സവിശേഷത മൂലമാണ് കോഫിയുടെ വില കൂട്ടാൻ കാരണം. പനാമയിൽ നിന്നുള്ള പ്രീമിയം കാപ്പിക്കുരുവാണ് നിഡോ 7 ഗെയ്ഷ. ഉയർന്ന ഗുണമേന്മയിലുള്ള വളരെ ചെറിയ അളവിൽ മാത്രം ലഭ്യമായ വിലയേറിയ കാപ്പിക്കുരുവാണിത്. ഇതാണ് വ്യത്യസ്തമായ ഈ കോഫിയിൽ ഉപയോഗിക്കുന്നത്.
ബാരു പർവതത്തിന്റെ ചരിവുകളിലാണ് ഈ അപൂർവ പനാമൻ കാപ്പിക്കുരു കാണപ്പെടുന്നത്. സാധാരണ കോഫിയിൽ നിന്ന് വ്യത്യസ്തമായി ജാസ്മിന്‍, സിട്രസ്, തേന്‍, സ്‌റ്റോണ്‍ ഫ്രൂട്ട് എന്നിവയുടെയെല്ലാം രുചി ഈ കോഫിയിലുണ്ട്. എത്യോപ്യയില്‍ വേരുകളുള്ള ഈ കാപ്പിക്കുരു 1930 കളില്‍ കോസ്റ്ററിക്കയിലേക്കും പിന്നീട് പനാമയിലേക്കും എത്തുകയായിരുന്നു. ഒറ്റയടിക്ക് വിഴുങ്ങാതെ പകരം വളരെ പതിയെ ആസ്വദിച്ച് രുചിയറിഞ്ഞ് വേണം ഈ കോഫി കുടിയ്‌ക്കേണ്ടത്. ലോകത്തിന്റെ വിവിധ കോണുകളിൽൽ നിന്നും നിരവധി പേരാണ് കോഫി കുടിക്കാൻ ജൂലിത് കഫേയിലേക്ക് എത്തുന്നത്.