tea

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില കൂട്ടാൻ തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും വിലവർദ്ധന പ്രാബല്യത്തിൽ വരിക. തിരഞ്ഞെടുപ്പിന് ശേഷമാകും എത്ര രൂപ വർദ്ധിപ്പിക്കണമെന്ന് തീരുമാനിക്കുകയെന്നും മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. നേരിയ വില വർദ്ധനയാകും ഉണ്ടാവുകയെന്നും വിദഗ്ദ്ധ സമിതി നിരക്ക് വർദ്ധനയ്‌ക്ക് ശുപാർശ ചെയ്‌തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മിൽമ ആവശ്യപ്പെട്ടാൽ സർക്കാർ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഉത്പാദനച്ചെലവ് ക്രമാതീതമായി വർദ്ധിച്ചതിനാലാണ് പാൽ വില കൂട്ടാൻ സർക്കാർ തീരുമാനിച്ചത്. പരമാവധി അഞ്ച് രൂപയാകും കൂടുകയെന്ന് മന്ത്രി നേരത്തേ നിയമസഭയിൽ അറിയിച്ചിരുന്നു. 2022ൽ മിൽമ നിയോഗിച്ച സമിതിയുടെ പഠനമനുസരിച്ച് 49 രൂപയാണ് ഒരു ലിറ്റർ പാലിന്റെ ഉത്പാദന ചെലവ്. അതിനുശേഷം കാലിത്തീറ്റയ്ക്കുൾപ്പെടെ വില കൂടി. ഇപ്പോൾ ശരാശരി 44 രൂപയാണ് ലിറ്ററിന് ക്ഷീരകർഷകന് കിട്ടുന്നത്. 2022 ഡിസംബറിലാണ് പാൽവില അവസാനമായി കൂട്ടിയത്. ചോളം അടക്കമുള്ള അസംസ്കൃത സാധനങ്ങൾ ഇതര സംസ്ഥാനങ്ങളിൽ നിന്ന്എത്തിച്ചാണ് കേരളത്തിൽ തീറ്റ ഉത്പാദിപ്പിക്കുന്നത്. വൈക്കോലും സൈലേജും തമിഴ്‌നാട്ടിൽ നിന്നു കൊണ്ടുവരണം. ഇവയ്ക്കും വില കൂടി. പാൽ വില കൂടുന്നതോടെ ചായയ്‌ക്കും വില കൂടും.