
റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ 18ന് യു.എസ് സന്ദർശിക്കും.ട്രംപുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ അറിയിച്ചു.സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഞായറാഴ്ച യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് കിരീടാവകാശിയുടെ യു.എസ് സന്ദർശനം.സൗദി കിരീടാവകാശിയുടെ രണ്ടാം യു.എസ് സന്ദർശനമാണ്.ട്രംപ് ഇക്കഴിഞ്ഞ മെയിൽ റിയാദ് സന്ദർശിച്ചിരുന്നു.യു.എസ് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ യാത്രയായിരുന്നു ഇത്.ട്രംപ് അബ്രഹാം കരാറിൽ ചേരാൻ രാജ്യങ്ങളെ പ്രേരിപ്പിക്കുന്ന സാഹചര്യത്തിലാണ് സൗദി കിരീടാവകാശിയുടെ വാഷിംഗ്ടൺ സന്ദർശനം. 2020 ൽ,ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ട്രംപ് യു.എ.ഇ, ബഹ്‌റൈൻ, സുഡാൻ, മൊറോക്കോ എന്നിവയുമായി കരാറുകളിൽ എത്തി. എന്നാൽ ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നത് ഇസ്രയേലിനൊപ്പം പലസ്തീൻ രാഷ്ട്രവും എന്ന ദ്വിരാഷ്ട്ര പരിഹാരമുണ്ടായ ശേഷം മാത്രമായിരിക്കുമെന്ന് സൗദി അറേബ്യ മുമ്പ് തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്.