
ചെന്നൈ: കോയമ്പത്തൂരിൽ കോളേജ് വിദ്യാർത്ഥിനിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ മൂന്ന് പ്രതികളെ വെടിവച്ച് കീഴ്പ്പെടുത്തി പൊലീസ്. ശിവഗംഗ സ്വദേശിക സ്വദേശികളായ സതീഷ് എന്ന കറുപ്പസാമി, ഇയാളുടെ സഹോദരൻ കാർത്തിക്
ഇവരുടെ ബന്ധുവായ തവാസി എന്നിവരാണ് പിടിയിലായത്. കസ്റ്റഡിയിലെടുക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളുടെ കാലിൽ പൊലീസ് വെടിവയ്ക്കുകയായിരുന്നു. ഇവർ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പ്രതികൾ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചെന്നും തുടർന്ന് വെടിവയ്ക്കുകയായിരുന്നെന്നും കോയമ്പത്തൂർ സിറ്റി പോലീസ് കമ്മിഷണർ എ. ശരവണ സുന്ദർ പറഞ്ഞു. സതീഷും കാർത്തിക്കും കൊലപാതകം, മോഷണം ഉൾപ്പെടെ ഒന്നിലധികം കേസുകളിൽ പ്രതികളാണെന്നും അറിയിച്ചു. യുവതിയുടെ നഷ്ടപ്പെട്ട സ്വർണാഭരണവും മൊബൈൽ ഫോണും ഇവരിൽ നിന്ന് കണ്ടെത്തി.
കഴിഞ്ഞ ഞായറാഴ്ചയാണ് എം.ബി.എ വിദ്യാർത്ഥിനിയെ കൂട്ട മാനഭംഗത്തിനിരയാക്കിയത്. രാത്രി 11ന് വിമാനത്താവളത്തിന് സമീപം സുഹൃത്തിനൊപ്പം കാറിലിരിക്കുകയായിരുന്നു യുവതി. ബൈക്കിലെത്തിയ മൂന്ന് പേർ കാറിന്റെ ജനൽ കല്ലുകൊണ്ട് തല്ലിത്തകർത്തു. യുവാവിനെ വാൾ കൊണ്ടുവെട്ടി യുവതിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. യുവാവ് പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു. പരിശോധനയിൽ തിങ്കളാഴ്ച പുലർച്ചെ നാലോടെ വിമാനത്താവളത്തിന് ഒരു കിലോമീറ്റർ അകലെയുള്ള പറമ്പിൽ യുവതിയെ അവശനിലയിൽ കണ്ടെത്തി. ഏഴ് അംഗ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. 3യുവതി ചികിത്സയിൽ തുടരുകയാണ്.